ആലപ്പുഴ: കെട്ടിട നിർമ്മാണത്തിന് സാധിക്കാത്ത തരത്തിൽ വസ്തുവിന് കുറുകെ കൂടി കടന്നു പോകുന്ന വൈദ്യുതി ലൈൻ പണച്ചെലവില്ലാതെ മാറ്റി നൽകാൻ വൈദ്യുതി മന്ത്രി ഉത്തരവിട്ടിട്ടും നടപടിയെടുക്കാത്തതിനെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ചേർത്തല ഇലക്ട്രിക് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശിച്ചു.വാരനാട് സ്വദേശി സജികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
വീട് നിർമ്മിക്കാൻ സജികുമാർ 10 സെന്റ് സ്ഥലം വാങ്ങിയിരുന്നു. കിഴക്ക് ഭാഗത്തെ റോഡിലേക്ക് തന്റെ വസ്തുവിന് കുറുകെ കൂടി കടന്നു പോകുന്ന ലൈൻ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി പരാതിക്കാരൻ അധികൃതർക്ക് പരാതി നൽകി. ലൈൻ മാറ്റിയില്ലെങ്കിൽ തനിക്ക് വീട് നിർമ്മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും അനുമതി ലഭിക്കില്ലെന്നും അദ്ദേഹം അധികൃതരെ അറിയിച്ചു. ലൈൻ മാറ്റാൻ 47 394 രൂപ അടയ്ക്കണമെന്ന് ബോർഡ് നിർദ്ദേശിച്ചു.
തുർന്ന് വൈദ്യുതി മന്ത്രിക്ക് പരാതി നൽകി. മന്ത്രി നേതൃത്വം നൽകിയ ആലപ്പുഴയിലെ അദാലത്തിൽ പരാതി ഒരു പ്രത്യേക കേസായി പരിഗണിച്ച് തുക ഒഴിവാക്കി നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും.