ആലപ്പുഴ: പോക്‌സോ കേസിൽ കുടുങ്ങിയ അദ്ധ്യാപകനെ, മാനേജ്മെന്റിന്റെ എതിർപ്പിനിടെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആലപ്പുഴ എസ്.ഡി.വി ഗേൾസ് ഹൈസ്‌കൂളിലെ അദ്ധ്യാപകനായ എസ്.വേണുവിനാണ്, കേസ് കെട്ടിച്ചമച്ചതാണെന്ന് ബോദ്ധ്യമായ കോടതി തുണയായത്.

2019 ജൂലായിലാണ് വേണുവിനെ മാനേജ്മെന്റ് പുറത്താക്കിയത്. കേസിലെ പൊരുത്തക്കേടുകൾ മുതിർന്ന അഭിഭാഷകനായ പി.വിജയഭാനു ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് അദ്ധ്യാപകന് സെപ്തംബർ മൂന്നിന് ഹൈക്കോടതി ജാമ്യമനുവദിച്ചു. ജാമ്യ ഉത്തരവിൽ അദ്ധ്യാപകനെ എസ്.ഡി.വി ബോയ്‌സ് ഹൈസ്‌കൂളിലേക്കു മാറ്റി നിയമിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ അടുത്ത ദിവസംതന്നെ മാനേജ്‌മെന്റ് വേണുവിനെ സസ്‌പെൻഡ് ചെയ്തു.

തുടർന്ന് വേണു ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകിയപ്പോൾ അനുകൂല വിധിയുണ്ടായി. എന്നാൽ ജോലിയിൽ പ്രവേശിപ്പിക്കാതെ, പുതിയ ഹർജിയുമായി മാനേജ്‌മെന്റ് സിംഗിൾ ബെഞ്ചിൽ റിട്ട് കൊടുത്തു. അതിലും വേണുവിന് അനുകൂലമായിരുന്നു ഉത്തരവ്. ഇതിനിടെ, ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം നടത്തി.പോക്‌സോ കേസ് വ്യാജമെന്നു മനസിലാക്കിയ സമിതി സസ്‌പെൻഷൻ റദ്ദുചെയ്ത് വേണുവിനെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടു. മാനേജ്‌മെന്റ് ഡിവിഷൻ ബഞ്ചിൽ ഹർജി കൊടുത്തെങ്കിലും തള്ളിക്കൊണ്ട് കഴിഞ്ഞ പന്ത്രണ്ടിനാണ് കോടതി ഉത്തരവിട്ടത്. സർവീസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സീനിയർ അഡ്വ. ജാജു ബാബു മുഖേനയാണ് കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചത്.