newyork

ആലപ്പുഴ: കുട്ടനാട്ടിലുണ്ട്‌ ഡൊണാൾഡ് ട്രംപിന്റെ 'അമേരിക്ക'. സംശയമുള്ളവർ പരതിയാൽ അധികം അകലെയല്ലാതെ കാണാം ന്യൂയോർക്ക് സിറ്റി! ടൈറ്റാനിക് പാലം കണ്ടിട്ടില്ലാത്തവർക്കും കുട്ടനാട്ടിലേക്കു സ്വാഗതം.

വർഷങ്ങൾക്കു മുമ്പ് ആരോ തമാശയ്ക്കു പറഞ്ഞ പേരുകളിലാണ് ഇന്നും കുട്ടനാട്ടിലെ ചില പ്രദേശങ്ങൾ അറിയപ്പെടുന്നത്. ഇതിൽ പ്രധാനമാണ് അമേരിക്ക ജംഗ്ഷൻ. ചമ്പക്കുളം-എടത്വ റൂട്ടിൽ വർഷങ്ങൾക്കുമുമ്പുണ്ടായിരുന്ന കള്ളുഷാപ്പിന് പതിവുകാരിലൊരാൾ നല്ല മൂഡിലായപ്പോൾ അമേരിക്ക എന്ന് പേരിട്ടു. അവിടെ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ, അത്‌ അമേരിക്കൻ കവലയായി. റോഡ് വികസനം വന്നതോടെ, ഷാപ്പുൾപ്പെടെ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റി. ഇതോടെ പ്രദേശവാസികൾ തൊട്ടടുത്ത ജംഗ്ഷനിൽ 'അമേരിക്ക ജംഗ്ഷൻ' എന്ന ബോർഡ് സ്ഥാപിച്ചു. ചമ്പക്കുളം റൂട്ടിലെ സഞ്ചാരികൾക്ക് കൗതുകമുണർത്തുന്ന ഈ ബോർഡ് പ്രധാന സെൽഫി കേന്ദ്രമാണ്.

അമേരിക്കൻ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ മുന്നോട്ടുപോയാൽ ന്യൂയോർക്ക് സിറ്റി കള്ളുഷാപ്പിലെത്തും! ചെത്തുകള്ളും കുട്ടനാടൻ വിഭവങ്ങളും ലഭിക്കുന്ന ഷാപ്പിന് കൂടുതൽ ശ്രദ്ധ കിട്ടുന്നതിനാണ് അമേരിക്കയ്ക്ക് തൊട്ടടുത്തായി ന്യൂയോർക്ക് സിറ്റി എന്ന പേര് ഷാപ്പിനു നൽകിയത്. വെള്ളപ്പൊക്കത്തിന്റെ മുറിപ്പാടുകൾ 'അമേരിക്ക'യിൽ ഉണങ്ങിത്തുടങ്ങിയിട്ടേയുള്ളൂ.

 ടൈറ്റാനിക് പാലം

ചമ്പക്കുളം റൂട്ടിൽ നിന്ന് എ-സി റോഡ് വഴി രാമങ്കരി ഭാഗത്തേക്കു തിരിഞ്ഞാൽ കാണാം, ടൈറ്റാനിക്ക് പാലം. പാലം നിർമ്മാണത്തിനായി എ-സി കനാലിന്റെ വീതി കുറയ്ക്കുന്നതിനോട് ഒരു വിഭാഗത്തിന് വലിയ എതിർപ്പുണ്ടായിരുന്നു. ടൈറ്റാനിക്ക് എന്ന ഇംഗ്ലീഷ് ചലച്ചിത്രം പുറത്തിറങ്ങിയ കാലത്താണ് പാലം പണി പൂർത്തിയായത്. പാലം വൈകാതെ മുങ്ങുമെന്ന ധ്വനിയിൽ ചിലർ ടൈറ്റാനിക്ക് എന്ന് പേരിട്ടു. പറഞ്ഞുപറഞ്ഞ് പാലം ടൈറ്റാനിക് പാലമായി. മുങ്ങുമെന്ന അർത്ഥത്തിൽ ടൈറ്റാനിക്ക് എന്ന് പേരിട്ടെങ്കിലും പ്രളയകാലത്ത് പലർക്കും രക്ഷയായത് ഈ പാലമായിരുന്നു.

''90 വർഷത്തിലധികമായി ഞങ്ങളുടെ പ്രദേശം അമേരിക്കയാണ്. ഔദ്യോഗിക രേഖകളിലൊന്നും അങ്ങനെ പേര് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സ്ഥലം തിരിച്ചറിയണമെങ്കിൽ അമേരിക്കൻ ജംഗ്ഷൻ എന്നു പറയണം.

-ബിജു ചമ്പക്കുളം, പ്രദേശവാസി