s

കായംകുളം : മത്സ്യവ്യാപാരിയായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ വെറ്റ മുജീബ് ഒളിവിൽ.ഇയാളുടെ സംഘത്തിൽപ്പെട്ട വിഠോബാ ഫൈസലിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ ഇന്നലെ കായംകുളത്ത് ഹർത്താൽ ആചരിച്ചു.

സി.പി.എം എരുവ ലോക്കൽ കമ്മിറ്റി അംഗം എം.എസ്.എം ഹൈസ്കൂളിനു സമീപം വൈദ്യൻ വീട്ടിൽ സിയാദ് (35) ആണ് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. കായംകുളം എം.എസ്.എം ഹയർസെക്കൻഡറി സ്കൂളിന് സമീപം രാത്രി പത്തുമണിയോടെ സുഹൃത്തുക്കൾക്കൊപ്പം റോഡരികിൽ നിൽക്കുകയായിരുന്ന സിയാദിനെ ബൈക്കിലും കാറിലുമായി എത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. അക്രമിസംഘത്തിലെ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.മുൻ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഫൈസൽ എന്നയാൾ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് എത്തിയ വെറ്റമുജീബ് സിയാദിനെ കത്തികൊണ്ട് ആക്രമിയ്ക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നർ പൊലീസിന് മൊഴി നൽകി. കുത്തേറ്റു വീണ സിയാദിന്റെ നെഞ്ചിൽ കയറിയിരുന്നു ആറ് തവണ കുത്തി മരണം ഉറപ്പാക്കി. ഇതോടെ കാറിലുണ്ടായിരുന്നവർ ഓടിച്ചുപോയി.

സംഭവസമയം ഇതുവഴി ബൈക്കിൽ വന്ന കായംകുളം നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ കാവിൽ നിസാമിനെ തടഞ്ഞു നിറുത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി ആ ബൈക്കിന് പിന്നിൽ കയറിയാണ് വെറ്റമുജീബ് രക്ഷപ്പെട്ടത്. മുജീബിനെ വീടുവരെ കൊണ്ടുചെന്നാക്കിയതായി കാവിൽ നിസാം പൊലീസിനോട് പറഞ്ഞു. സിയാദിന്റെ സുഹൃത്തായ എരുവ കോയിക്കൽ പടിയ്ക്കൽ തുണ്ടിൽ റജീസിനെയും അക്രമി സംഘം പിന്നീട് ആക്രമിച്ച് പരിക്കേൽപ്പിച്ചു.ഇയാൾക്ക് പുറത്ത് കുത്തേറ്റു.

സിയാദിനെ ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കരളിനും ഹൃദയത്തിനും ആഴത്തിൽമുറിവേറ്റതാണ് മരണകാരണം.

 പ്രതിയുടെ വീടാക്രമിച്ചു

രോഷാകുലരായ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിൽ പൊലീസിനെതിരെ തിരിയുകയും പ്രതിയായ വെറ്റ മുജീബിന്റെ എരുവയിലുള്ള വാടക വീട് ആക്രമിയ്ക്കുകയും ചെയ്തു. നഗരത്തിൽ പലയിടത്തും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്

തമിഴ്നാട് തേനി സ്വദേശിയായ ശർക്കര വ്യാപാരി രാജേന്ദ്ര സ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലും കൊറ്റുകുളങ്ങരയിൽ തട്ടുകടയ്ക്ക് നേരെ ബോംബെറിഞ്ഞ് യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ച കേസിലും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വെറ്റ മുജീബ്. കാപ്പ പ്രകാരം തടവിലായിരുന്ന ഇയാൾ മൂന്ന് മാസം മുമ്പാണ് ജയിൽ മോചിതനായത്. ഡിവൈ.എസ്.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ഷൈജു ഇബ്രഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

 ലഹരി മാഫിയയ്ക്ക് നേരെ

കണ്ണടച്ച് പൊലീസ്

കായംകുളം: ക്വട്ടേഷൻ,മയക്കുമരുന്ന് മാഫിയകളോടുള്ള പൊലീസിന്റെ മൃദു സമീപനമാണ് കായംകുളത്ത് കൊലപാതകങ്ങളും ആക്രമ സംഭവങ്ങളും വർദ്ധിച്ചു വരുന്നതിന് കാരണം.ഒരു മാസം മുമ്പ് പൊലീസ് ഇന്റലിജൻസിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ക്വട്ടേഷൻ സംഘത്തെപ്പറ്റിയും കൊലപാതക സാദ്ധ്യതകളെ സംബന്ധിച്ചും വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടും ഇത് നിസാരവൽക്കരിയ്ക്കാനാണ് പൊലീസ് ശ്രമിച്ചത്. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലും എതിർക്കുവരെയും ഉൾപ്പെടെ അഞ്ചോളം കൊലപാതകങ്ങൾക്ക് സാദ്ധ്യതയെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. കായംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ മയക്കുമരുന്നുകളുടെ വിപണനം നിർബാധം നടക്കുന്നതായി ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് നിഷ്ക്രിയത്വം പാലിച്ചു. സജീവമായി പ്രവർത്തിയ്ക്കുന്ന 36 ഗുണ്ടാ സംഘങ്ങളെപ്പറ്റി വ്യക്തമായ റിപ്പോർട്ട് ഇന്റലിജൻസ് നൽകി. 363 ഗുണ്ടകളുടെ പേരുവിവരങ്ങളും നൽകി. ലഹരി മാഫിയയുടെ താവളങ്ങളായ 59 സ്ഥലങ്ങളും ചൂണ്ടിക്കാട്ടി. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.  ക്വട്ടേഷൻ സംഘത്തിന്റെ കൃത്യമായ ആസൂത്രണം കായംകുളം: കായംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ മയക്കുമരുന്ന്,ക്വട്ടേഷൻ മാഫിയ നടത്തിയത് കൃത്യമായ ആസൂത്രണം. കൊല്ലരുതെന്ന് കേണപേക്ഷിച്ചിട്ടും കുത്തേറ്റു വീണ സിയാദിന്റെ നെഞ്ചിൽ കയറിയിരുന്ന് ആറ് തവണ കുത്തി മരണം ഉറപ്പാക്കിയാണ് അക്രമി സംഘം രക്ഷപ്പെട്ടത്. സിയാദ് ഉൾപ്പെട്ട ചെറുപ്പക്കാർ സ്കൂളിന് മുന്നിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനെ എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. കാറിന്റെ അകമ്പടിയോടെ ഒരു ബൈക്കിന്റെ പിന്നിലിരുന്ന് സംഭവ സ്ഥലത്ത് പാഞ്ഞെത്തിയ വെറ്റ മുജീബ് പ്രകോപനമൊന്നും കൂടാതെ സിയാദിനെ ആക്രമിയ്ക്കുകയായിരുന്നു. കത്തി ഉൗരിയതോടെ സിയാദും കൂടെയുണ്ടായിരുന്നവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സിയാദിനെ പിന്നിൽ നിന്നും കുത്തി വീഴ്ത്തി. സിയാദിന്റെ നീക്കം അക്രമിസംഘം നിരീക്ഷിച്ചു വരുകയായിരുന്നു. കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ഇവരാണ് സിയാദിന്റെ കൂടെയുണ്ടായിരുന്നവരെ വടിവാൾ വീശി വിരട്ടി ഓടിച്ചത്. കഞ്ചാവിന്റെയും മയക്കുമരുന്നിന്റയും കച്ചവടക്കാരായ ക്വട്ടേഷൻ സംഘം സ്കൂളിന് മുന്നിൽ നിലയുറപ്പിച്ചതോടെ ഇവിടെ സംഘർഷം പതിവായിരിരുന്നു. ഇതോടെ കഴിഞ്ഞ വർഷം നാട്ടുകാർ അക്രമിസംഘത്തെ കൈകാര്യം ചെയ്തിരുന്നു. അന്നു മുതൽ തുടങ്ങിയ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.