ആലപ്പുഴ: മക്കളും അയൽക്കാരുമായുണ്ടായ സംഘട്ടനത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കൈചൂണ്ടിമുക്കിലെ ഓട്ടോ ഡ്രൈവർ കറുകയിൽ വാർഡ് കുന്നകണ്ടംവെളയിൽ സന്തോഷ് (53) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വീടിന് സമീപമുള്ള ഇടവഴിയിൽ അയൽക്കാർ ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലി സന്തോഷിന്റെ മക്കളായ വിവേകും വിശാഖുമായി തർക്കമുണ്ടായി.തർക്കം സംഘട്ടനത്തിലേക്ക് നീങ്ങിയപ്പോൾ സന്തോഷ് ഓടിയെത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സന്തോഷ് വീട്ടിൽ തിരികെയെത്തി വെള്ളം കുടിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചുവർഷം മുമ്പ് മരിച്ച മകൻ വൈശാഖിന്റെ ചരമവാർഷികം കഴിഞ്ഞദിവസമായിരുന്നു. സന്തോഷിന് മൂന്നുതവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും നോർത്ത് സി.ഐ കെ.പി.വിനോദ് പറഞ്ഞു. ശകുന്തളയാണ് സന്തോഷിന്റെ ഭാര്യ .