സസ്പെൻഡ് ചെയ്തത് മന്ത്രി ജി. സുധാകരൻ
ആലപ്പുഴ: മുതിർന്ന കോൺഗ്രസ് നേതാവും ആലപ്പുഴ ഡി.സി.സി മുൻ പ്രസിഡന്റുമായ പ്രൊഫ. ജി.ബാലചന്ദ്രന്റെ മകൻ അഡ്വ. ജീവന്റെയും സഹപ്രവർത്തക റെയ്നി എം.കുര്യാക്കോസിന്റെയും വിവാഹം സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് രേഖകൾ നൽകുന്നതിൽ വീഴ്ചവരുത്തിയ ആലപ്പുഴ സബ് രജിസ്ട്രാർ ഓഫീസിലെ ക്ളർക്ക് ഷാജിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽത്തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പ് മന്ത്രി ജി.സുധാകരൻ നേരിട്ട് ഇടപെട്ടാണ് 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തത്.
ആലപ്പുഴ ബാറിലെ അഭിഭാഷകരാണ് ഇരുവരും. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ രജിസ്ട്രാർ ഓഫീസിലെ മാര്യേജ് ഓഫീസർക്ക് കഴിഞ്ഞ ജൂൺ 22ന് ഓൺലൈനായി അപേക്ഷ നൽകി. അപേക്ഷയുടെ പ്രിന്റും ഇരുവരുടെയും ഫോട്ടോയും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അസ്സൽ രേഖകളും ഹാജരാക്കാൻ ഓഫീസിലെത്തിയ ഇവരോട് സെക്ഷൻ ക്ലർക്ക് ഷാജി അപമര്യാദയായി പെരുമാറിയെന്നാണ് മന്ത്രിക്കു ലഭിച്ച പരാതി.
ജീവനും റെയ്നിയും ഓഫീസിലെത്തുമ്പോൾ ക്ലർക്ക് സീറ്റിലുണ്ടാവില്ല. നേരിട്ട് കണ്ടപ്പോൾ, വൈകി എന്ന കാരണത്താൽ അപേക്ഷ കൈപ്പറ്റാൻ വിസമ്മതിച്ചു. ക്ലർക്ക് നിർദ്ദേശിച്ച പ്രകാരം വിവാഹത്തിനായി ജൂലായ് 23ന് വധൂവരന്മാർ മൂന്ന് സാക്ഷികൾക്കൊപ്പം രാവിലെ 10ന് ഓഫീസിൽ എത്തിയെങ്കിലും വൈകിട്ടു വരെ നിറുത്തി, രജിസ്‌ട്രേഷൻ നടത്തിയതുമില്ല. 28നും 29നും ഓഫീസിലെത്തിയ ഇരുവരെയും സാക്ഷികളെയും മടക്കി അയച്ചു. 30നാണ് വിവാഹം രജിസ്റ്റർ ചെയ്യാനായത്. തുടർന്ന് വിവാഹ സർട്ടിഫിക്കറ്റ് നൽകാതെ ദമ്പതികളെ വട്ടം കറക്കി. ഇടനിലക്കാരില്ലാതെ നേരിട്ട് അപേക്ഷിച്ചതിനാലാണ് ദുരനുഭവം ഉണ്ടായതെന്ന് മന്ത്രിക്ക് ദമ്പതികൾ നൽകിയ പരാതിയിൽ പറയുന്നു.
..................................................
മന്ത്രി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആയിരത്തിലധികം ജീവനക്കാർക്ക് ഡിജിറ്റൽ സിഗ്‌നേച്ചർ നൽകിയും റിയൽ എസ്റ്റേറ്റ് തട്ടിപ്പ് തടയാൻ നിയമനിർമ്മാണം നടത്തിയും പൊതുജനോപകാരപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. ചില ജീവനക്കാർ, വകുപ്പിന്റെ മുന്നേറ്റത്തെ തമസ്‌കരിക്കണമെന്ന നിർബന്ധത്തോടെ കൈക്കൂലി എന്ന ചീഞ്ഞളിഞ്ഞ സംസ്‌കാരത്തിൽ നിന്ന് ഇനിയും പുറത്തു കടക്കാതെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരക്കാർ ഇടതു സർക്കാരിൽ നിന്ന് യാതൊരു ദയയും പ്രതീക്ഷിക്കേണ്ടതില്ല. സത്യസന്ധതയോടെ ജോലി ചെയ്യുന്നവർക്ക് പൂർണ്ണ സംരക്ഷണം നൽകും. മുതിർന്ന കോൺഗ്രസ് നേതാവും ഡി.സി.സി മുൻ പ്രസിഡന്റും വാഗ്മിയും പ്രഭാഷകനുമായ പ്രൊഫ.ജി.ബാലചന്ദ്രന്റെയും പ്രൊഫ. ഇന്ദിരാ ബാലചന്ദ്രന്റെയും മകനും ഐ.ബി.റാണിയുടെ സഹോദരനുമായ ജീവനും ജീവിത സഖി റെയ്‌നിക്കുമുണ്ടായ ബുദ്ധിമുട്ടുകളിൽ നിർവ്യാജം ഖേദിക്കുന്നു. നവവധൂവരന്മാർക്ക് വിവാഹമംഗളാശംസകൾ നേരുന്നു