പൂച്ചാക്കൽ: തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത്, വടക്കേ രാജ്യാതിർത്തിയായ പാണാവള്ളി ഉൾപ്പെടുന്ന അരൂക്കുറ്റിയിൽ വിന്യസിച്ചിരുന്ന രാജഭടന്മാർ ഉപയോഗിച്ചിരുന്ന മൂലഭദ്രം ഭാഷയുടെ ചരിത്രം മനസിലാക്കാനും സൂക്ഷിക്കാനുമായി സംസ്ഥാന പുരാവസ്തു വകുപ്പ് അടുത്ത ദിവസം പാണാവള്ളിയിൽ എത്തുമെന്ന് എ.എം.ആരിഫ് എം.പി.അറിയിച്ചു.
മൂലഭദ്രം ഭാഷ പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രപരിസരങ്ങളിൽ ഇപ്പോഴും പ്രയോഗത്തിലുള്ളതിനെപ്പറ്റി കഴിഞ്ഞ ദിവസം 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിന് സമീപമുള്ള പട്ടമന ഇല്ലത്തിലെ കൃഷ്ണൻ ഇളയതും ഭഗീരഥിയമ്മ ടീച്ചറുമൊക്കെയാണ് ഭാഷയുടെ ആദ്യ പ്രചാരകർ. ക്ഷേത്രത്തിനു സമീപം ചായക്കട നടത്തിയിരുന്ന പരേതനായ ഷണ്മുഖൻ നായരാണ് മൂലഭദ്രം ജനകീയമാക്കിയത്.