ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് വെട്ടുവേനി ജംഗ്ഷന് സമീപം നിയന്ത്രണംവിട്ട ഗ്യാസ് ടാങ്കർ ലോറിയും ഡീസൽ ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. ഗ്യാസ് ടാങ്കർ റോഡിന്റെ വലത് വശം താഴ്ചയിലുള്ള വീട്ടിലേക്ക് ഇടിച്ചു കയറിയെങ്കിലും ടാങ്കർ കാലിയായതിനാൽ വൻദുരന്തം ഒഴിവായി.
ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു ഗ്യാസ് ഇറക്കിയശേഷം എറണാകുളത്തേക്കു പോവുകയായിരുന്ന ഗ്യാസ് ടാങ്കറും കൊച്ചിയിൽ നിന്നു കുണ്ടറയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഡീസൽ ടാങ്കറിന്റെ ടയർ പഞ്ചറായി ഗ്യാസ് ടാങ്കറിന്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു. ഗ്യാസ് ടാങ്കർ സമീപത്തെ അകംകുടി വാസുദേവ നിലയത്തിൽ രാജന്റെ വീട്ടിലേക്ക് ഇടിച്ചുകയറി. മതിൽ തകർത്ത് ശേഷം വീടിന്റെ ഷെയ്ഡിൽ തട്ടിയാണ് വണ്ടി നിന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട് ഫയർഫോഴ്സും പൊലീസും എമർജൻസി റെസ്ക്യൂ ടീം റാപിഡ് റെസ്ക്യു ടീം എന്നിവരുടെ സഹായത്തോടെ ഗതാഗതം പുനസ്ഥാപിച്ചു.