കൊവിഡ് ബോധവത്കരണ ശ്രദ്ധേയമായി
മാവേലിക്കര: മാവേലിക്കര പൊലീസ് നഗരത്തിൽ നടത്തിയ കൊവിഡ് ബോധവത്കരണ ജാഥ വ്യത്യസ്തമായി. ഒറ്റയാൻ സമരനായകൻ മാവേലിക്കര സുദർശനൻ ജാഥയുടെ മുന്നിൽ കാലനായി വേഷമിട്ട് അണിനിരന്നത് ശ്രദ്ധ ആകർഷിച്ചു. ഭയം വേണ്ട ജാഗ്രത മതി, സമ്പർക്കത്തിലൂടെ രോഗം പകരാതെ സൂക്ഷിക്കുക തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡ് ഒരു കൈയിലും കാലന്റെ ആയുധമായ കയർ മറുകൈയ്യിൽ ചുഴറ്റിക്കൊണ്ടുമാണ് മാവേലിക്കര സുദർശനൻ ജാഥയെ നയിച്ചത്. പിന്നാലെ കരുതലില്ലാത്തവരെ കുരുക്കാൻ കോവിഡ് കാലൻ കാത്തിരിക്കുന്നു എന്ന സന്ദേശം അടങ്ങിയ ബാനറുമായി മാവേലിക്കര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും അണിനിരന്നു. ബുദ്ധജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ മാവേലിക്കര സി.ഐ ബി.വിനോദ് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു.