മാവേലിക്കര: കോവിഡ് വ്യാപന മുൻകരുതലിന്റെ ഭാഗമായി വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കുവാൻ റവന്യു വകുപ്പ് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഓണം ഉത്സവാഘോഷങ്ങൾക്ക് മുന്നോടിയായി കോവിഡ് വ്യാപന നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഡെപ്യൂട്ടി കളക്ടർ സ്വർണമ്മയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗമാണ് വഴിയോര കച്ചവടം നിയന്ത്രിക്കാൻ തീരുമാനിച്ചത്. ഇതിനായി പി.ഡബ്ലു.ഡി, പൊലീസ് എന്നിവരുടെ താലൂക്കുതല സ്ക്വാഡ് പരിശോധന ശക്തമാക്കും.

എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് വിസിറ്റേഴ്സ് ക്യൂ.ആർ കോഡ് സ്ഥാപിക്കണം. ഇതിന് സാധിക്കാത്ത സ്ഥാപനങ്ങളിൽ രജിസ്റ്റർ എഴുതി സൂക്ഷിക്കണം. എല്ലാ സ്ഥാപന ഉടമകളും ജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് സൂക്ഷിക്കണം. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കോവിഡ് ബോധവത്കരണ അനൗസ്മെന്റുകൾ നടത്തുന്നതിന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.