മാന്നാർ: പറവകൾക്ക് മൂന്നുനേരം ഭക്ഷണം വിളമ്പി നൽകി ഫെമി എന്ന മൂന്നാം ക്ളാസുകാരി. മാന്നാർ കുരട്ടിശേരി നിയാസ് മൻസിൽ ഫോട്ടോഗ്രാഫർ
നിയാസ് - ഷംല ദമ്പതികളുടെ മകളാണ് എട്ടുവയസുകാരിയായ ഫെഫ് മിദ മിർസാന (ഫെമി) .
ദിവസവും തീറ്റതേടാൻ വീട്ടുമുറ്റത്തെത്തുന്നത് 15 ഓളം കാക്കകളാണ്. രാവിലെയും വൈകിട്ടുമായി വീടിന് മുമ്പിലുള്ള മതിലിന് മുകളിലായി ഭക്ഷണത്തിനായി ഇവ നിരന്നിരിക്കും. ഭക്ഷണം എത്താൻ വൈകിയാൽ കരച്ചിലാരംഭിക്കും.
ഒരുവർഷമായി മുടങ്ങാതെ ഭക്ഷണം നൽകുന്നത് .പാത്രത്തിൽ ഭക്ഷണവുമായി എത്തുന്ന ഫെമിയെ കണ്ടുകഴിഞ്ഞാൽ കരച്ചിലടക്കി ചുറ്റുംകൂടി ഭക്ഷണം കൊത്തിപ്പെറുക്കി വിശപ്പടക്കി പറന്നകലും.
ഇതിനിടെ ഫെമി വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഭക്ഷണവുമായി എത്തിയത് അമ്മയാണ്. ഭക്ഷണം മതിലിന് മുകളിൽവച്ചിട്ടും കാക്കകൾ ഭക്ഷിക്കാതെ പോയിയെന്ന് മാതാപിതാക്കൾ പറയുന്നു. പരുമല സിൻഡസ് മോസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫെമി.