ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്തിൽ കൊവിഡ് ബാധിതർ 300 കടന്നു. കഴിഞ്ഞ 14ന് 279 പേർക്ക് നടത്തിയ സ്രവ പരിശോധനയിൽ 42 പേർ പോസി​റ്റിവായി. ഇതോടെ രോഗികളുടെ എണ്ണം 326 ആയി.

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമില്ല. 124 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

ചേർത്തല തെക്ക് പഞ്ചായത്തിൽ ഇന്നലെ 26 പേർക്ക് കൊവിഡ് പോസി​റ്റിവ് ആയി. ആകെയെണ്ണം 77 ആയി. 7 പേർ രോഗമുക്തി നേടി. രണ്ടു പഞ്ചായത്തിന്റെയും തീരമേഖലയിലാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്. പരിശോധനയും ബോധവത്കരണവും നടക്കുന്നുണ്ടെങ്കിലും മുമ്പുണ്ടായ സമ്പർക്കത്തിന്റെ ഫലമായി രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്.ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ പഞ്ചായത്തിൽ നിന്ന് കാര്യക്ഷമമായ സഹായം ഉണ്ടായിരുന്നില്ല.തുടർന്ന് പൊലീസും ആരോഗ്യവകുപ്പും പഞ്ചായത്തും ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ രോഗ വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഉൗർജ്ജിതമായി നടക്കുന്നുണ്ട്.

 വടക്കൻ മേഖലയിൽ

എണ്ണം കൂടുന്നു

തുറവൂർ: ചേർത്തല താലൂക്കിലെ വടക്കൻ പഞ്ചായത്തുകളിൽ കൊവിഡ് രോഗികളുടെ എണ്ണമേറുന്നു. ഇന്നലെ മാത്രം 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട്- 27, തുറവൂർ- 4, വയലാർ-1, എഴുപുന്ന- 6, അരൂർ- 4 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ദിവസം എഴുപുന്ന പഞ്ചായത്തിലെ 15-ാം വാർഡിലെ നീണ്ടകര പ്രദേശത്ത് 10 പേർക്കും ഒന്നാം വാർഡിൽ ഗർഭിണിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നീണ്ടകരയിലെ 10 പേരിൽ 2 പേർ 65 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ജൂബിലി കോളനിയിൽ ഉള്ളവരാണ്. ബാക്കി 8 പേർ ഒരു കുടുംബത്തിലെ അംഗങ്ങളും.

പ്രായമായ 2 പേരെ കളമശേരി മെഡിക്കൽ കോളേജിലും മറ്റുള്ളവരെ കൊവിഡ് ഫസ്റ്റ് ലൈൻ സെന്ററിലും പ്രവേശിപ്പിച്ചു. ജൂബിലി കോളനിയിലേക്കുള്ള വഴി പൊലീസ് അടച്ചു. 19,20,22 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിലാണ്. ഇന്നലെ അരൂർ,പട്ടണക്കാട് എന്നീ പഞ്ചായത്തുകളിലായി 200 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ന് തുറവൂർ പഞ്ചായത്ത് പരിധിയിൽ പരിശോധന നടത്തും.