കറ്റാനം: സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തെത്തുടർന്ന് ഭരണിക്കാവ് പഞ്ചായത്തിൽ വീണ്ടും ജാഗ്രത കടുപ്പിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 12ാം വാർഡിലടക്കം വിവിധ വാർഡുകളിൽ ഒന്നിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നാല് ദിവസങ്ങളിലായി നാല് പുതിയ കേസുകളാണ് സമ്പർക്കത്തിലൂടെ പ്രദേശത്ത് സ്ഥിരീകരിച്ചത്. കറ്റാനത്തെ വ്യാപാര സ്ഥാപനങ്ങൾ, വെട്ടികോട് ക്ഷീര സഹകരണ സംഘം, സ്വകാര്യ ആശുപത്രി എന്നിവ കറ്റാനത്തെ രോഗിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഈ രോഗിയുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ ഇരുപതോളം പേർ നിരീക്ഷണത്തിലാണ്. പ്രദേശത്ത് ജാഗ്രത കർശനമാക്കിയതായും ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.