thakazhi

ആലപ്പുഴ: പ്രിയ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ഓർമ്മയ്ക്കായി സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെ നിർമ്മാണം അദ്ദേഹത്തിന്റെ ശങ്കരമംഗലം തറവാടിനോട് ചേർന്ന് വൈകാതെ തുടങ്ങും. ഭരണാനുമതി കിട്ടിയ പദ്ധതിക്ക് സാംസ്കാരിക വകുപ്പിന്റെ വിദഗ്ദ്ധ സമിതി ചേർന്ന് സാങ്കേതിക അനുമതി നൽകിക്കഴിഞ്ഞാൽ തുടർ നടപടികളിലേക്ക് കടക്കും. സാംസ്കാരിക വകുപ്പിനാണ് നിർമ്മാണ മേൽനോട്ടം.

സർക്കാർ അഞ്ചുകോടി അനുവദിച്ചിട്ടുണ്ട്. ഒന്നര കോടി സ്മാരക സമിതിയുടെ അക്കൗണ്ടിലുണ്ട്.കോഴിക്കോട് ആസ്ഥാനമായുള്ള പ്രശാന്ത് അസോസിയേറ്റ്സിന്റേതാണ് രൂപരേഖ.

നിലവിലെ സ്മാരകം തറവാടും സ്മൃതി മണ്ഡപവും പൂർണകായ പ്രതിമയുമാണ്. അമ്പലപ്പുഴ- തിരുവല്ല റോഡിന്റെ വശത്തുള്ള ശങ്കരമംഗലം തറവാട് പുരാവസ്തു വകുപ്പിന്റെ കൈവശമാണ്. തെക്കുവശത്തെ സ്മൃതി മണ്ഡപത്തോട് ചേർന്ന് 30 സെന്റ് സ്ഥലം കൂടി വാങ്ങിയിട്ടുണ്ട്.

വീടിന്റെ പിൻവശത്തായി തോട് നിർമ്മിക്കും; അതിലൊരു പാലവും ഉണ്ടാവും. ആ പാലത്തിലൂടെയാവും മ്യൂസിയത്തിലേക്ക് പ്രവേശനം. കുട്ടനാടിന്റെ പ്രകൃതി ഭംഗി തുടിക്കുന്നതാവും കെട്ടും മട്ടും.

ഓർമ്മകളിലൂടെ...

സ്മാരകത്തിലേക്ക് വരുന്നവരെ മൂന്നു തലത്തിലായിരിക്കും ഓർമ്മകളിലേക്ക് ആനയിക്കുന്നത്.

1.തകഴി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ ജീവിതത്തെയും പരിചയപ്പെടാം.

2. ജ്ഞാനപീഠം അടക്കമുള്ള അംഗീകാരങ്ങൾ കണ്ടും കേട്ടും അറിയാം.

3.കൃതികളെയും കഥാപാത്രങ്ങളെയും പരിചയപ്പെടാം.

...................................................

# കുട്ടനാടൻ സൗന്ദര്യം

കുട്ടനാടൻ സൗന്ദര്യം അനുഭവവേദ്യമാവുംവിധമാണ് രൂപകല്പന. ഓഡിയോ വിഷ്വൽ ലൈബ്രറി, സാഹിത്യ സംഗമങ്ങൾ നടത്താൻ മിനി ഓഡിറ്റോറിയം, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളുടെയും കഥാ സന്ദർഭങ്ങളുടെയും നിശ്ചല ദൃശ്യങ്ങൾ എന്നിവ ഉണ്ടാകും. കൃതികളുടെ പരിഭാഷകളുണ്ടാവും.