ആലപ്പുഴ: അമ്പലപ്പുഴ തോട്ടിൽ, പൂക്കൈതയാറുമുതൽ കരുമാടി ടി.എസ് കനാൽ വരെയുള്ള ഭാഗത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മന്ത്രി ജി .സുധാകരൻ ഉദ്ഘാടനം ചെയ്തു.

വർഷങ്ങളായി മലിനമായി കിടന്ന പ്രദേശമാണ് വിവിധ പദ്ധതികളിലൂടെ നവീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ തോടുകൾ നവീകരിക്കാനായി കിഫ്ബി ഫണ്ടിന്റെ സഹായത്തോടെ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. അമ്പലപ്പുഴയുടെ ദീർഘകാലത്തെ പ്രശ്‌നമായ കാപ്പിത്തോട് നവീകരണം കിഫ്ബി ഫണ്ടിൽപ്പെടുത്തി 21 കോടി മുടക്കിലാണ് ചെയ്യുന്നത്. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വർഷങ്ങളായി പോള നിറഞ്ഞു എക്കലും ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടി നീരൊഴുക്ക് തടസപ്പെട്ടു കിടന്ന അമ്പലപ്പുഴ തോടിന്റെ നവീകരണം ജലപാതയുമായി ബന്ധപ്പെട്ടു കിടക്കുന്ന അനുബന്ധ കനാലുകളുടെ നവീകരണ ഫണ്ടിൽ ഉൾപ്പെടുത്തി 171 ലക്ഷം ചെലവിലാണ് ചെയ്യുന്നത്. മേജർ ഇറിഗേഷൻ ആലപ്പുഴ ഡിവിഷൻ മുഖാന്തിരം മൂന്ന് ഘട്ടങ്ങളായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. അമ്പലപ്പുഴ തോടിന്റെ നവീകരണ പ്രവൃത്തികൾ നടപ്പാകുന്നതോടെ സമീപത്തുള്ള വീടുകളിലെയും റോഡുകളുടേയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. ചടങ്ങിൽ ജലസേചനവകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അരുൺ കെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എം.സി. സജീവ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ കെ.എസ്. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

......................................

 ആദ്യ ഘട്ടം- 64.2 ലക്ഷം മുടക്കിൽ അമ്പലപ്പുഴ തോടിനെ ക്ഷേത്രത്തിന്റെ കിഴക്കേനട മുതൽ പൂക്കൈത ആറുവരെയുള്ള 1.50 കി മീ നീളത്തിൽ പോളയും എക്കലും മണ്ണും നീക്കി സംരക്ഷണഭിത്തി ബലപ്പെടുത്തി നീരൊഴുക്ക് സുഗമമാക്കും

 രണ്ടാം ഘട്ടം- 96 ലക്ഷം മുടക്കിൽ അമ്പലപ്പുഴ ക്ഷേത്രത്തിലെ കിഴക്കേനട മുതൽ കരുമാടി ടി.എസ് കനാൽ വരെയുള്ള 2.60 കി മീ ഭാഗം സംരക്ഷണഭിത്തി ബലപ്പെടുത്തി പോളയും എക്കലും ചെളിയും നീക്കം ചെയ്യും

 മൂന്നാം ഘട്ടം- 10.80 ലക്ഷം മുടക്കി അമ്പലപ്പുഴ തോടിന്റെ പഴയ ബോട്ട് ജെട്ടി ഉൾപ്പെടുന്ന ഭാഗത്ത് ആഴം കൂട്ടി സംരക്ഷണ ഭിത്തിയും കടവും നിർമ്മിക്കും.