കായംകുളം: കായംകുളത്ത് സി.പി.എം പ്രവർത്തകനായ സിയാദിനെ മയക്കുമരുന്ന് ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ആരോപിച്ചു.
കോൺഗ്രസ് നേതൃത്വം കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ് ഇതെന്ന് നാസർ പറയുന്നു.
സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ വാഹനത്തിലാണ് പ്രതി വെറ്റമുജീബ് കൃത്യനിർവഹണത്തിന് ശേഷം രക്ഷപ്പെട്ടത്. വെറ്റമുജീനെ അയാളുടെ വീട്ടിൽ എത്തിച്ചത് ഈ കൗൺസിലറാണ്. അതുകൊണ്ട് കൊലപാതകം ആസൂത്രിതമാണ്. കേസിലെ പ്രധാന പ്രതിയാണ് കൗൺസിലർ. വെറ്റമുജീബ് വാഹനത്തിൽ കയറിയവിവരം ഇയാൾ പൊലീസിനെ അറിയിച്ചിട്ടില്ല. മുജീബിനെ സംരക്ഷിക്കുകയാണ് അയാൾ ചെയ്തത്. കോൺഗ്രസ് നേതൃത്വം കൊലപാതകത്തിന് സമാധാനം പറയണമെന്നും ആർ.നാസർ പറഞ്ഞു.
എന്നാൽ സിയാദിന്റെ കൊലപാതകത്തിൽ സി.പി.എം കുപ്രചാരണം അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. സിയാദിന്റെ മരണത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സി.പി.എം ദുരുപയോഗം ചെയ്യുകയാണ്. കായംകുളത്തെ ക്വട്ടേഷൻ, ലഹരി, ബ്ലേഡ് മാഫിയ സംഘങ്ങളെ സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വമാണ്. സി.പിഎം സമ്മർദ്ദത്തെ തുടർന്നാണ് ജനപ്രതിനിധിയായ കാവിൽ നിസാമിന്റെ പേരിൽ പൊലീസ് കേസെടുത്തതെന്നും ലിജു ആരോപിച്ചു.
.