 നൂറോളം കുടുംബങ്ങൾ ദുരിതത്തിൽ

ആലപ്പുഴ: നഗരസഭ പള്ളാത്തുരുത്ത് വാർഡിലെ കന്നിട്ടപാടത്ത് മട വീണതോടെ പനച്ചിത്തറ തോടിന്റെ ഇരുകരകളിലും താമസിക്കുന്ന നൂറിലധികം കുടുംബങ്ങൾ വെള്ളത്തിലായി. മൂന്ന് ആഴ്ചകൾക്ക് മുമ്പാണ് പാടശേഖരത്തിൽ മടവീണത്. എ ബ്ളോക്ക്, സെൻട്രൽ ബ്ളോക്ക് പാടശേഖരങ്ങളെ വേർതിരിക്കുന്നത് കന്നിട്ട പാടശേഖരമാണ്.

പനച്ചിത്തറ തോടിന്റെ തെക്കേ കരയിലെ ബണ്ടിലൂടെയാണ് പ്രദേശവാസികൾ നഗരത്തിലെ ചുങ്കത്തും പഴവീഴ്, തിരുവമ്പാടി പ്രദേശങ്ങളിലും എത്തിച്ചേരുന്നത്. ബണ്ടിൽ നിന്നിരുന്ന കായ്ഫലമുള്ള തെങ്ങുകളും മറ്റ് മരങ്ങളും റോഡിനായി വെട്ടിമാറ്റിയിട്ട് 20വർഷമായി. ബണ്ടിന്റെ സംരക്ഷണത്തിനായി 15വർഷം മുമ്പ് കെട്ടിയ കൽക്കെട്ട് പലഭാഗങ്ങളിലും തകർന്ന നിലയിലാണ്. എസ്.എൻ വായനശാല മുതൽ 60ൽ മോട്ടോർത്തറ വഴി ഗാന്ധിവിലാസം ഭാഗം വരെയുള്ള രണ്ട് കിലോമീറ്റർ നടപ്പാത മുട്ടിന് മേൽ വെള്ളത്തിൽ മുങ്ങി . കഴിഞ്ഞ 10ദിവസത്തിനുള്ളിൽ വെള്ളം കയറിക്കിടക്കുന്ന നടവഴിയിൽ നിന്ന് നാല് മൂർഖൻപാമ്പുകളെ പ്രദേശവാസികൾ പിട‌ികൂടി. ഈഭാഗത്തുള്ള കുട്ടികൾ അങ്കണവാടിയിലും സ്കൂളുകളിലും പോകുന്നത് ഈ വഴിയിലൂടെയാണ്. വീട്ടിൽ നിന്ന് ഇറങ്ങുന്ന കുട്ടികൾ മഴക്കാലത്ത് രണ്ട് ജോടി വസ്ത്രവുമായിട്ടാണ് സ്കൂളുകളിലേക്ക് പോകുന്നത്. വെള്ളക്കെട്ട് അവസാനിക്കുന്നിടത്ത് ആദ്യം ധരിച്ച വസ്ത്രങ്ങൾ മാറ്റിയ ശേഷം യൂണിഫോം ധരിച്ചാണ് തുടർയാത്ര.

 പരാതി പറഞ്ഞ് മടുത്തു

പലതവണ പ്രദേശവാസികൾ നഗരസഭയിലും കളക്ടർക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ആയിട്ടില്ല. കുറച്ച് നാളിന് മുമ്പ് മന്ത്രി ജി.സുധാകരൻ ഒരു മരണവീട്ടിൽ പോയപ്പോൾ വഴിയുടെ ദുരവസ്ഥ നേരിട്ട് ബോദ്ധ്യപെട്ടതിനെ തുടർന്ന് താൽക്കാലികമായി സഞ്ചാര യോഗ്യമാക്കാൻ ഗ്രാവൽ വിരിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് വിരിച്ച ഗ്രാവൽ, ശുദ്ധജലപൈപ്പ് ഇടുന്നതിനായി നടപ്പാതയുടെ മദ്ധ്യഭാഗത്തുകൂടി കുഴിയെടുത്തതോടെ കുളമായി. ബണ്ടിലൂടെ പ്രദേശത്തെ വ്യക്തിയുടെ വസ്തുവിന്റെ രേഖപരിശോധിക്കാൻ എത്തിയ പഴവീട് വില്ലേജ് ഓഫീസർ തോട്ടിൽ വീണ സംഭവവും അ‌ുത്തകാലത്ത് ഉണ്ടായി. ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിൽ പ്രദേശവാസികൾ ഒരു വ്യക്തി നൽകിയ കെട്ടിടത്തിന്റെ ടെറസിലാണ് മൂന്ന് ദിവസം അന്തിയുറങ്ങിയതും ഭക്ഷണം തയ്യാറാക്കിയതും.

"റോഡ് എന്ന സ്വപ്നം നേടിയെടുക്കുന്നതിനായി പ്രദേശവാസികൾ രാഷ്ട്രീയം മറന്ന് പൗരസമിതിക്ക് രൂപം നൽകി. റോഡ് ലഭിക്കും വരെ പ്രത്യക്ഷസമരവുമായി മുന്നോട്ടു പോകും

-വിനു, പൗരസമിതി അംഗം