ആലപ്പുഴ: കയർ മേഖലയിലെ യന്ത്രവത്കൃത രീതിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത് പ്രതിവർഷം 40,000 ടൺ കയറിന്റെ ഉത്പാദനമാണെന്നു മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഇത് വലിയൊരു യജ്ഞം തന്നെയാണ്. യഥാർത്ഥ്യമാക്കിയാൽ കയർ ഉത്പ്പന്നങ്ങളുടെ വിപണനത്തിലും വലിയ രീതിയിലുള്ള പുരോഗതിയാകും സംസ്ഥാനം കൈവരിക്കുകയെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ കയർ സംഘങ്ങൾ ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ നൽകുന്ന ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം ചേർത്തല വടക്കുംമുറി 659-ാം നമ്പർ കയർ സംഘത്തിൽ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ സംസ്ഥാനത്തെ 100 കയർ സംഘങ്ങൾക്ക് 1000 ആധുനിക മെഷീനുകളാണ് അനുവദിക്കുന്നത്. ഇതിലൂടെ 1000 ടൺ കയർ ഉദ്പാദനമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇത്തരത്തിൽ വീണ്ടും 100 മെഷീനുകൾ കൂടി നൽകിക്കൊണ്ട് ഉത്പാദനം വീണ്ടും വർദ്ധിപ്പിക്കും. കയർ ഉത്പാദനത്തിൽ എന്നപോലെ തന്നെ പരമ്പരാഗത കയർ ഉത്പന്നങ്ങളുടെ കമ്പോളം കണ്ടെത്തുന്നതിലും കയർ സംഘങ്ങൾ മുൻകൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. കയർ മേഖലയെ തകർച്ചയിൽ നിന്നു കരകയറ്റാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് കയർ മേഖലയിലെ രണ്ടാം പുന: സംഘടന പദ്ധതിയിലൂടെ സർക്കാർ നടപ്പാക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി പി. തിലോത്തമൻ പറഞ്ഞു.

ചേർത്തല വടക്കുംമുറിയിലെ സംഘത്തിന് പുറമെ നെടുമ്പ്രക്കാട്, ചെങ്ങണ്ട എന്നിവടങ്ങളിലെ രണ്ട് കയർ സംഘങ്ങൾക്കും ആധുനിക കയർപിരി മെഷീൻ നൽകിയിട്ടുണ്ട്. അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. പൂർണ്ണമായും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ കെ.എസ്.കെ.എം.എം.എസ് ചെയർമാൻ കെ. പ്രസാദ്, സംഘം പ്രസിഡന്റ് പി.സി കുഞ്ഞച്ചൻ, കയർ പ്രോജക്ട് ഓഫീസർ കെ. ഇന്ദിര, കയർ ഇൻസ്പെക്ടർ കലമോൾ എന്നിവർ സംസാരിച്ചു.