ചേർത്തല: കേന്ദ്ര വിദ്യാഭ്യാസ മന്ത്റാലയം രാജ്യത്തെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നൂതന നേട്ടങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ ദേശീയ അടൽ റാങ്കിംഗിൽ കൊല്ലം എസ്.എൻ കോളേജ് ആദ്യ 25 സ്ഥാപനങ്ങൾ ഉൾപ്പെടുന്ന എ ബാൻഡ് വിഭാഗത്തിൽ എത്തിയത് അഭിമാന നേട്ടമാണെന്ന് കോളേജ് മാനേജരും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും കാമ്പസിന് അനുയോജ്യമായ ഒരു പഠന ഗവേഷണ-പാഠ്യേതര പരിസ്ഥിതി പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് എസ്.എൻ കോളേജിനുമാത്രമാണ് എ ബാൻഡ് ലഭിച്ചത്. 2018-19 വർഷത്തെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. അന്നത്തെ പ്രിൻസിപ്പലായിരുന്ന ഡോ. സി. അനിതാ ശങ്കറിന്റെ നേതൃത്വത്തിൽ കോളേജിന് അകത്തും പുറത്തും നടത്തിയ നൂതന പ്രവർത്തനങ്ങൾ വിലയിരുത്തിയാണിത്. കോളേജിൽ നടത്തിയ കാർഷിക പ്രവർത്തനങ്ങൾ, ഹരിത മിഷൻ പ്രോജക്ടുകൾ, ബോധവത്കരണ പരിപാടികൾ, പരിശീലന പരിപാടികൾ, കാരുണ്യ പ്രവർത്തനങ്ങൾ, ഡിപ്പാർട്ട്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, കലാ കായിക പരിപാടികൾ, എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളുടെയും മറ്റു ക്ലബുകളുടെയും പ്രവർത്തനങ്ങൾ, കലാകായിക പരിപാടികളിലും വിവിധ സെമിനാറുകളിലും അദ്ധ്യാപക വിദ്യാർത്ഥി പങ്കാളിത്തം, അന്താരാഷ്ട്ര ദേശീയ സെമിനാറുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉയർന്ന റാങ്ക് ലഭിച്ചത്. ഡോ. സി. അനിതാ ശങ്കർ, ഇപ്പോഴത്തെ പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ തുടങ്ങി നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും വെള്ളാപ്പള്ളി അഭിനന്ദിച്ചു.