ആലപ്പുഴ: മാലിന്യ സംസ്കരണത്തിന് നൂതന മാർഗങ്ങൾ അവലംബിചച്തിന് ആലപ്പുഴ നഗരസഭയ്ക്ക് ദേശീയ തലത്തിൽ ഒന്നാംസ്ഥാനം.
ഒരു ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള നഗരങ്ങളെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
ഇന്ത്യയിലെ നഗരങ്ങളിൽ ശുചിത്വ നിലവാരം അളക്കുന്നതിനും റാങ്ക് ചെയ്യുന്നതിനുമുള്ള സ്വച്ഛ് സർവേക്ഷൺ 2020ൽ ആണ് ആലപ്പുഴ ഈ നേട്ടം കൈവരിച്ചത്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിൽ ലോകത്തിന് തന്നെ മാതൃകയാണ് ആലപ്പുഴ മോഡൽ . നിരവധി തവണ സംസ്ഥാന ഗവൺമെന്റിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും പുരസ്‌കാരങ്ങൾ ആലപ്പുഴ നഗരസഭ നേരത്തെ കൈവരിച്ചിരുന്നു. 2014 ൽ ' ക്ലീൻ സിറ്റി ഓഫ് ഇന്ത്യ' പുരസ്‌കാരവും ആലപ്പുഴയ്ക്ക് ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭക്ക് ഇത്തരത്തിലുള്ള പുരസ്‌കാരം ലഭിക്കുന്നത്. 93 നഗരസഭകളിൽ ആലപ്പുഴയ്ക്ക് മാത്രമാണ് നേട്ടം കൈവരിക്കാനായത്. സ്വച്ഛ് സർവേക്ഷൺ സർവേ ആരംഭിച്ചപ്പോൾ മുതൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി മുന്നോട്ടു പോകാൻ സാധിച്ചത് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭ നടത്തിയ പ്രവർത്തനങ്ങളുടെ മികവാണ്. നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികളുടെയും, ആരോഗ്യ വിഭാഗം ജീവനക്കാരുടെയും ആത്മാർത്ഥമായ പ്രവർത്തനമാണ് ഇത്തരമൊരു അവാർഡ് നേടാൻ സഹായകമായതെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. പുരസ്‌കാരം ആലപ്പുഴയിലെ മുഴുവൻ ജനങ്ങൾക്കും സമർപ്പിക്കുന്നതായി ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു.
ജില്ലാ കലക്ടറേറ്റ് എൻ.ഐ.സി ഹാളിൽ നടന്ന വെർച്വൽ മീറ്റിംഗിൽ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയിൽ നിന്നും നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൺ അഡ്വ. എ.എ.റസാഖ്, സെക്രട്ടറി കെ.കെ.മനോജ്, ഹെൽത്ത് ഓഫീസർ എം.ഹബീബ്, സ്വച്ഛ് സർവേക്ഷൺ നോഡൽ ഓഫീസർ സി .ജയകുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.