s

 ജില്ലയിൽ രോഗികളുടെ എണ്ണം കുതിക്കുന്നു

ആലപ്പുഴ: സർവ്വ നിയന്ത്രണങ്ങളും വിട്ട് ജില്ലയിൽ കുതിച്ചുചാട്ടം നടത്തുന്ന കൊവിഡ് ഓണക്കാലത്ത് എന്തായിത്തീരുമെന്ന ആശങ്കയിലാണ് ജനം. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം ഓരോ ദിവസവും കൂടുന്നു. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഓണക്കാലത്ത് ആളുകളെത്താൻ സാദ്ധ്യതയുണ്ട്. പൊലീസ്, എക്സൈസ് വിഭാഗങ്ങൾക്കാവട്ടെ ഉത്സവനാളുകളിൽ ജോലിഭാരം കൂടുതലും. നേരത്തെ സ്വീകരിച്ചിരുന്നത്ര ഫലപ്രദമായി നിയന്ത്രണങ്ങൾ സാദ്ധ്യമാവുമോ എന്ന ആശങ്കയും ബാക്കി.

സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനമാണ് ജില്ലയെ ഉലയ്ക്കുന്നത്. ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത ശേഷം തുടർ ദിവസങ്ങളിലുണ്ടായിട്ടുള്ള കണക്ക് അത്ര ആശ്വാസകരമല്ല. രോഗവ്യാപന ഭീഷണി കടുത്തു നിൽക്കുന്നത് ചേർത്തല താലൂക്കിലാണ്. മാവേലിക്കര,കാർത്തികപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളാണ് തൊട്ടു പിന്നിൽ. അല്പം ആശ്വാസകരമായ സ്ഥിതിയുള്ളത് ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലാണ്. ചേർത്തലയിൽ പട്ടണക്കാട്, കോടംതുരുത്ത്, തണ്ണീർമുക്കം, മാരാരിക്കുളം മേഖലകളാണ് രോഗബാധ കൂടുതലുള്ളത്. മാവേലിക്കരയിൽ നൂറനാട്, വള്ളികുന്നം, ഭരണിക്കാവ്, തെക്കേക്കര, താമരക്കുളം മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം നഗരസഭ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ,പള്ളിപ്പാട്, കരുവാറ്റ മേഖലകൾ രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളാണ്. അമ്പലപ്പുഴ താലൂക്കിൽ തീരമേഖല ശക്തമായ രോഗവ്യാപനത്തിന് ഇരയായി. ആലപ്പുഴ നഗരസഭയിൽ പത്തോളം വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ പൂർണ്ണമായി അടച്ചിട്ടു.പുന്നപ്ര നോർത്ത്,സൗത്ത്, അമ്പലപ്പുഴ നോർത്ത്, സൗത്ത്, പുറക്കാട് മേഖലകളാണ് കൊവിഡ് ഭീതി കൂടുതൽ നേരിട്ടത്.

.................................

4000: ജില്ലയിലെ കൊവിഡ് ബാധിതർ

................................

 പിന്നീട് പാളി

തുടക്കസമയത്ത് സജീവമായിരുന്ന ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ പിന്നീട് അല്പം പാളി. കേസുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ യഥാസമയം കൈമാറുന്നതിലും തുടർ നടപടി സ്വീകരിക്കുന്നതിലും പരാതികളുണ്ടായി. ഒരു സ്ഥലത്ത് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതിനോട് ചേർന്ന് കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നതിലടക്കം കാലതാമസം വരുന്നുവെന്നതാണ് പ്രധാന ആക്ഷേപം.

 കണക്കിലെ കളികൾ

ആഗസ്റ്റ് ഒന്നു മുതൽ 20 വരെ തീയതികളിൽ ആറു ദിവസങ്ങളിൽ മാത്രമാണ് 100ൽ താഴെ രോഗസ്ഥിരീകരണം ഉണ്ടായത്. രണ്ട് ദിവസങ്ങളിൽ 99 പേർക്കു വീതം രോഗം സ്ഥിരീകരിച്ചു. ബാക്കി 14 ദിവസങ്ങളിലും 100ൽ കൂടുതൽ പേർക്ക് രോഗമുണ്ടായി. 19ന് 253 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഔദ്യോഗിക കണക്ക് പ്രകാരം ജനുവരി 25 മുതൽ ഇതുവരെ 4000ത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലായിലാണ് 1000 കടന്നത്. ആഗസ്റ്റ് ആദ്യവാരത്തിൽ 2000 ഉം15 ആയപ്പോൾ 3000 ഉം പിന്നിട്ടെങ്കിൽ പിന്നീടുള്ള അഞ്ച് ദിവസങ്ങളിലാണ് 4000ത്തിലെത്തിയത്.

ആലപ്പുഴ നഗരസഭ : വൈസ് ചെയർപേഴ്സൺ​

ഉൾപ്പെടെ 3 ജനപ്രതിനിധികൾക്ക് കൊവിഡ്

 നഗരസഭ ഓഫീസ് ഏഴുദിവസം അടച്ചിടും ആലപ്പുഴ: ആലപ്പുഴ നഗരസഭ വൈസ് ചെയർപേഴ്സണിനും രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്കും കൊവിഡ് സ്ഥരീകരിച്ചു. ഇതോടെ ചെയർമാനും മറ്റ് ജനപ്രതിനിധികളും സെക്രട്ടറിയും ജീവനക്കാരുമുൾപ്പെടെ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. നഗരസഭ ഓഫീസ് ഏഴ് ദിവസം അടച്ചിടും. ചെയർമാൻ കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസമായി വിശ്രമത്തിലാണ്. കൊവിഡ് സമ്പർക്ക വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്ത തുമ്പോളി വാർഡിൽ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ കൗൺസിലർമാരും സെക്രട്ടറിയും ആരോഗ്യ വിഭാഗം ജീവനക്കാരും ചേർന്ന് കഴിഞ്ഞ ദിവസം ഭവനസന്ദർശനവും ശുചീകരണവും നടത്തിയിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരുടെ പരിശോധനഫലമാണ് ഇന്നലെ പോസിറ്റീവ് ആയത്. ആദ്യം നടത്തിയ രണ്ട് ടെസ്റ്റുകളിൽ ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. മൂന്നാമത്തെ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇവർ വിവിധ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. വൈസ് ചെർപേഴ്സൺ സപ്ളെകോയുടെ ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ജീവനക്കാരുടെ പ്രഥമിക സമ്പർക്ക പട്ടിക തയ്യാറാക്കി. കൗൺസിലർമാർക്കും കുടുംബത്തിനും ജീവനക്കാർക്കും വേണ്ടി ഇന്ന് ടൗൺഹാളിൽ പ്രത്യേക കൊവിഡ് പരിശോധനാക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. നഗരസഭയിലെ 10 വാർഡുകൾ നിലവിൽ കണ്ടെയ്മെന്റ് സോണുകളാണ്. രോഗബാധിതരുമായി അടുത്ത് ഇടപെട്ട മുഴുവൻ പേരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ചെയർമാൻ അറിയിച്ചു. നേരത്തേ ഏഴ് പോലീസുകാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷൻ പത്ത് ദിവസം അടച്ചിട്ടിരുന്നു. ഡ്രൈവർക്ക് രോഗം സ്ഥീകരിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനും ജീവനക്കാരന് രോഗം സ്ഥീരീകരിച്ചതിനെ തുടർന്ന് ഫയർസ്റ്റേഷനും ഒരു ദിവസം അടച്ചിട്ടിരുന്നു.