സഹോദരൻ അയ്യപ്പന്റെ 131-ാം ജന്മദിനം ഇന്ന്
കാലം എത്ര പുരോഗമിച്ചാലും മലയാളക്കരയുടെ സാംസ്‌കാരിക ചരിത്രത്തിൽ നിന്ന് ആർക്കും അടർത്തി മാറ്റാനാവാത്തൊരു തങ്കമുദ്റണമാണ് സഹോദരൻ അയ്യപ്പൻ എന്ന പേര്. ആധുനിക കേരളത്തിന്റെ നവോത്ഥാന നായകരിൽ സമുന്നതനായിരുന്ന ആ ധീരദേശാഭിമാനിയുടെ 131-ാമത് ജന്മദിനമാണ് ഇന്ന്. എറണാകുളം ജില്ലയിലെ ചെറായിയിൽ കുമ്പളത്തു പറമ്പിൽ കൊച്ചാവു വൈദ്യർ - ഉണ്ണൂലി ദമ്പതികളുടെ മകനായി 1889 ആഗസ്റ്റ് 22 നായിരുന്നു അയ്യപ്പന്റെ ജനനം. ( ചില രേഖകളിൽ സഹോദരൻ അയ്യപ്പന്റെ ജനനം ആഗസ്റ്റ് 21 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സഹോദരൻ അയ്യപ്പൻ അന്ത്യവിശ്രമം കൊള്ളുന്ന ആലുവ തോട്ടുമുഖം ശ്രീനാരായണ സമാജം ശ്രീനാരായണഗിരിയിലെ സ്മൃതി മണ്ഡപത്തിൽ അദ്ദേഹത്തിന്റെ ജനനവും മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. 1889 ആഗസ്റ്റ് 22ന് ജനനവും 1968 മാർച്ച് ആറിന് മരണവും. ഭാര്യ പാർവതിയമ്മയുടെ ശവകുടീരവും ഇവിടെയാണ്.)
സാമൂഹിക പരിഷ്‌കർത്താവ്, വിപ്ലവകാരി, കവി, നിയമസഭാ സാമാജികൻ, ഭരണകർത്താവ് എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നതിനൊപ്പം സഹോദര പ്രസ്ഥാനത്തിന്റെ ജീവാത്മാവ് എന്ന നിലയിലും യുക്തിവാദി, നല്ലൊരു മനുഷ്യസ്‌നേഹി എന്ന നിലകളിലും ചിരസ്മരണീയനാണ്.
ശ്രീനാരായണ ഗുരുദേവന്റെ ഏകജാതി സന്ദേശവും ജാതിനശീകരണ പ്രസ്ഥാനങ്ങളും മഹാകവി കുമാരനാശാനുമായുള്ള വ്യക്തിബന്ധവുമാണ് അയ്യപ്പനെ സമുദായ സേവനത്തിലേക്കും സാമൂഹ്യപരിഷ്‌കരണത്തിലേക്കും നയിച്ചത്. ഗുരുദേവ സന്ദേശം ക്രിയാത്മകമായി പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്തകളും പ്രവൃത്തികളും. അതാകട്ടെ കേവലം ഒരുജാതിയുടെ മതിൽക്കെട്ടിനകത്ത് മാത്രം ഒതുങ്ങുന്നതുമായിരുന്നില്ല. കാപ്പിക്കടയും തുണിക്കടയും ചായക്കടയും വരെ ജാതിയുടെ തൊപ്പിയും തൊങ്ങലും ധരിച്ചിരുന്ന കാലത്ത് മിശ്രവിവാഹത്തിനും മിശ്രഭോജനത്തിനും നേതൃത്വം നൽകിക്കൊണ്ട് 1917 ൽ അദ്ദേഹം ജന്മം നൽകിയ സഹോദരപ്രസ്ഥാനത്തിന് കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ചരിത്രത്തിൽ എന്നും അനിഷേദ്ധ്യമായ സ്ഥാനമാണുള്ളത്.
ജാതിജന്യമായ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് വീർപ്പുമുട്ടിക്കഴിഞ്ഞിരുന്ന ഇതരസമുദായങ്ങളെയും തട്ടിയുണർത്തുന്നതായിരുന്നു സഹോദര പ്രസ്ഥാനത്തിന്റെ ആവിർഭാവം. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും കൊടികുത്തിവാണിരുന്ന കാലത്ത് 1917 മേയ് 29ന് ചെറായിയിലെ തുണ്ടരപ്പറമ്പിൽ ഈഴവരെയും പുലയരെയും ഒരുമിച്ചിരുത്തി സംഘടിപ്പിച്ച മിശ്രഭോജനം കേരളചരിത്രത്തിലെ സുവർണ അദ്ധ്യായങ്ങളിലൊന്നാണ്. ലോകത്ത് മനുഷ്യസമത്വം അവകാശപ്പെട്ട് സോവിയറ്റ് വിപ്ലവം ആരംഭിക്കുന്നതിനും ആറുമാസം മുമ്പാണ് ചെറായിയുടെ മണ്ണിൽ ഇത്തരമൊരു ഐതിഹാസിക വിപ്ലവം അരങ്ങേറിയതെന്ന് ഓർക്കണം. ഇതോടൊപ്പം 'സഹോദരൻ' എന്ന പേരിൽ അദ്ദേഹം തുടങ്ങിയ പത്രത്തിലൂടെ അയിത്തം തുടങ്ങിയ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ശക്തമായി പോരാടുകയും ചെയ്തു. എഴുത്തിലും പ്രസംഗത്തിലും പ്രവൃത്തിയിലും തന്റെ ആശയഗതികൾ ധീരമായി പ്രകടിപ്പിക്കുമ്പോഴും എതിരാളികളെ കുത്തിനോവിക്കാതിരിക്കാൻ അദ്ദേഹം ജാഗ്രതപുലർത്തിയിരുന്നു. കേരളത്തിൽ പുതുതലമുറയെ മുഴുവൻ വശീകരിച്ച യുക്തിവാദപ്രസ്ഥാനത്തിന്റെ തുടക്കക്കാരൻ ആയിരിക്കുമ്പോൾ തന്നെ യുക്തിവാദവും ഈശ്വരവിശ്വാസവും ഒരുമിച്ചു കൊണ്ടുപോകാനും അദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നില്ല. സമൂഹത്തിന്റെ സമസ്തമേഖലയും അയ്യപ്പന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് അദ്ദേഹം പടുത്തുയർത്തിയ തൊഴിലാളി പ്രസ്ഥാനം. പാടത്തും പറമ്പിലും അടിമകളെപ്പോലെ പണിയെടുത്തിരുന്ന തൊഴിലാളികളെ തട്ടിയുണർത്തി അവരിൽ സംഘടനാബോധവും അവകാശബോധവും ഉണ്ടാക്കുന്നതിന് ആദ്യം രംഗത്തിറങ്ങിയ മനുഷ്യസ്‌നേഹിയായിരുന്നു സഹോദരൻ അയ്യപ്പൻ. എന്നുമാത്രമല്ല, തൊഴിലാളികളുടെ ജിഹ്വയായി ''വേലക്കാരൻ'' എന്നൊരു പത്രവും ആരംഭിച്ചു.
എസ്.എൻ.ഡി.പി യോഗത്തെ സംബന്ധിച്ച് സഹോദരൻ അയ്യപ്പന്റെ സേവനങ്ങൾ ഒരുകാലത്തും വിസ്മരിക്കാവുന്നതല്ല. പ്രസിഡന്റ്, കൗൺസിലർ, ഡയറക്ടർ ബോർഡ് മെമ്പർ എന്നു തുടങ്ങി ഏറ്റവുമൊടുവിൽ പരിണതപ്രജ്ഞനായ ഉപദേഷ്ടാവ് എന്ന നിലയിൽ വരെ അരനൂറ്റാണ്ടുകാലത്തോളം യോഗത്തിന്റെ നേതൃനിരയിൽ പ്രശോഭിച്ചു. യോഗത്തിന് കാലങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയുന്ന കരുത്തുറ്റ തത്വശാസ്ത്രങ്ങളും പ്രവർത്തന പദ്ധതികളും സംഭാവന ചെയ്തത് സഹോദരൻ അയ്യപ്പനാണ്. കേരളത്തിലെ സാമാന്യജനങ്ങളെയും കൃഷിക്കാരെയും തൊഴിലാളികളെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി അടുപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. തിരുവിതാംകൂറും മലബാറും കൊച്ചിയുമായി വ്യാപിച്ചുകിടന്ന മലയാളക്കരയെ ഏകോപിപ്പിച്ച് ഐക്യകേരളമെന്ന ആശയം കേരളീയർക്കിടയിൽ വേരുറപ്പിക്കുന്നതിൽ എസ്.എൻ.ഡി.പി യോഗത്തിനും അതിന്റെ നേതാവ് എന്നനിലയിൽ സഹോദരൻ അയ്യപ്പനും വലിയ പങ്കാണ് ഉള്ളത്. യോഗത്തിന്റെ വാർഷിക സമ്മേളനങ്ങളും വിശേഷാൽ പൊതുയോഗങ്ങളും മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും മാറിമാറി സംഘടിപ്പിച്ച് കേരളത്തിന്റെ മനസും ചിന്തയും ഏകോപിപ്പിക്കുന്നതിന് അദ്ദേഹം പ്രത്യേകശ്രദ്ധ പതിപ്പിച്ചിരുന്നതായി കാണാം. മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനുവേണ്ടിയും സഹോദരന്റെ പോരാട്ടം അവിസ്മരണീയമാണ്. മാതൃഭാഷയുടെ പോഷണത്തിന് വിദ്യാഭ്യാസവും സർക്കാർ നടപടികളും മലയാളത്തിലാവണമെന്നും പത്രപംക്തികളിലെ ലേഖനങ്ങളിലൂടെ അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടിരുന്നു. സാക്ഷരകേരളമെന്ന വാക്ക് മലയാളിക്ക് സുപരിചിതമായത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണെങ്കിൽ അതിനും അരനൂറ്റാണ്ടു മുമ്പേ എല്ലാവരിലും അക്ഷരജ്ഞാനം എത്തിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം സാക്ഷരതാ ക്ലാസുകൾ സംഘടിപ്പിച്ചത് സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിലാണ്. അയിത്തോച്ചാടനം, നിവർത്തനപ്രക്ഷോഭം, മദ്യവർജനം തുടങ്ങി യോഗം ഏറ്റെടുത്ത മുഖ്യമായ ജനകീയപോരാട്ടങ്ങളിലെല്ലാം സഹോദരൻ അയ്യപ്പന്റെ നേതൃത്വമുണ്ടായിരുന്നു. അക്കാലത്ത് യോഗം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറാൻ പ്രേരണയായത് സഹോദരന്റെ കർമ്മധീരതയും സ്വാതന്ത്റ്യബോധവും ധർമ്മബോധവുമായിരുന്നു. എസ്.എൻ.ഡി.പി യോഗം നിലനിൽക്കേണ്ടത് കേവലമൊരു സമുദായത്തിനു മാത്രമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള ആവശ്യമാണെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നു.
അതേക്കുറിച്ച് സഹോദരൻ അയ്യപ്പന്റെ ചിന്തകളും അഭിപ്രായങ്ങളും ഇന്നും ഏറെ പ്രസക്തമാണ്. ''ഇന്ത്യൻ സമുദായം സാമൂഹ്യമായി ഒന്നല്ല, തമ്മിൽ അടുക്കാതെ അകന്നുനിൽക്കുന്ന അനവധി സമുദായങ്ങളുടെ സമാഹാരമാണ്. അതിൽ പെറ്റുവീണ് , അതിൽ ജീവിച്ച് , അതിൽ മരിക്കുന്ന ഇന്ത്യക്കാരോട് രാഷ്ട്രീയത്തിൽ മാത്രം സമുദായം പാടില്ലെന്ന് പറഞ്ഞാൽ എങ്ങനെ ഫലിക്കും?. സാമൂഹ്യജീവിതത്തിൽ നിന്ന് ആദ്യമായി ഇല്ലാതാകേണ്ടത് സാമുദായികത്വമാണ്. ജാതിയെന്നുവച്ചാൽ ഹിന്ദുക്കളുടെ ഇടയിൽ ഉള്ളമാതിരി ആരോടും ചേരാത്തതും ആരെയും ചേർക്കാത്തതുമായ ഇരുതലമൂരി സമ്പ്രദായം മാത്രമല്ല,ആരെയും ചേർക്കുമെങ്കിലും ആരോടും ചേരുകയില്ലെന്നുള്ള മറ്റ് മതക്കാരുടെ ഒരുതലമൂരി സമ്പ്രദായവും ജാതിയാണ്. ഇന്ത്യൻ സമുദായം ജാതിയും മതവും അടിസ്ഥാനമാക്കി എണ്ണമറ്റ ജാതികളായി നിലനിൽക്കുകയാണ്, ഇത് മാറണം. അന്നു മാത്രമേ ഇന്ത്യയുടെ സാമൂഹ്യമനസ് ഒന്നാകൂ.'' കാലാനുവർത്തിയായ അദ്ദേഹത്തിന്റെ വാക്കുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമുക്ക് വഴികാട്ടിയാവട്ടെ എന്ന് പ്രാർത്ഥിക്കാം. 1968 മാർച്ച് ആറിനായിരുന്നു സഹാേദരൻ അയ്യപ്പൻ ലോകത്തോട് വിടപറഞ്ഞത്.