naga

 ഏഴു വർഷത്തെ പരിശ്രമഫലം


ആലപ്പുഴ: മാലിന്യ സംസ്‌കരണത്തിലെ നൂതന മാർഗങ്ങളിലൂടെ ലോകത്തിന് മാതൃകയായി ആലപ്പുഴ നഗരസഭ. കഴിഞ്ഞ ഏഴുവർഷത്തെ പരിശ്രമ ഫലമാണിത്.

ഒരു ലക്ഷത്തിനും മൂന്നു ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള നഗരങ്ങളെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ഇന്ത്യയിലെ നഗരങ്ങളിൽ ശുചിത്വ നിലവാരം അളക്കാനും റാങ്ക് ചെയ്യാനുമുള്ള 'സ്വച്ഛ് സർവേക്ഷൺ-2020'ൽ ആണ് ആലപ്പുഴ ഈ നേട്ടം കൈവരിച്ചത്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിൽ ലോകത്തിന് തന്നെ മാതൃകയാണ് ആലപ്പുഴ മോഡൽ. 2013ൽ ആലപ്പുഴയിൽ ആരംഭിച്ച നിർമ്മല ഭവനം നിർമ്മല നഗരം പദ്ധതിയാണ് ഇപ്പോഴത്തെ നേട്ടത്തിന് പിന്നിലെ പ്രേരകശക്തി.

കേന്ദ്രസർക്കാർ 2016ൽ ആണ് ശുചിത്വനഗരം പദ്ധതി തുടങ്ങിയത്. ആദ്യവർഷം പദ്ധതിയി​ൽ നഗരസഭ കാര്യമായ ശ്രദ്ധ ചെലുത്തിയില്ല. 2017ൽ ശുചിത്വ പ്രവർത്തനങ്ങൾക്കായി പ്രത്യേക പദ്ധതിക്ക് രൂപം നൽകി. ആദ്യവർഷം ദേശീയതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. 2018,19 വർഷം പദ്ധതിയിൽ ഒന്നാമതായി. ഇത്തവണ കേന്ദ്രസർക്കാർ മൂന്ന് ലക്ഷത്തിന് താഴെ ജനസംഖ്യയുള്ള, രാജ്യത്തെ 4500 നഗരസഭകളി​ലും ടൗൺഷിപ്പ് മേഖലകളിലും സ്വച്ഛ് സർവേക്ഷൺ പദ്ധതി പ്രകാരം നടത്തിയ സർവ്വേയിലാണ് ആലപ്പുഴ നഗരസഭ ദേശീയതലത്തിൽ ഒന്നാമതായത്.

93 നഗരസഭകളിൽ ആലപ്പുഴയ്ക്ക് മാത്രമാണ് നേട്ടം കൈവരിക്കാനായത്. സ്വച്ഛ് സർവേക്ഷൺ സർവേ ആരംഭിച്ചപ്പോൾ മുതൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിറുത്തി മുന്നോട്ടു പോകാൻ സാധിച്ചത് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭ നടത്തിയ പ്രവർത്തനങ്ങളുടെ മികവാണ്. 2014ൽ ' ക്ലീൻ സിറ്റി ഒഫ് ഇന്ത്യ' പുരസ്‌കാരവും ആലപ്പുഴയ്ക്ക് ലഭിച്ചു.

................................................

പുരസ്‌കാരം ആലപ്പുഴയിലെ മുഴുവൻ ജനങ്ങൾക്കും സമർപ്പിക്കുന്നു. പ്രവർത്തനങ്ങൾക്ക് സ്വച്ഛ് സർവേക്ഷൺ നോഡൽ ഓഫീസർ ആയി ആരോഗ്യവിഭാഗം ജീവനക്കാരൻ സി .ജയകുമാറിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് പ്രവർത്തനങ്ങൾ നടത്തുന്നത്

ഇല്ലി​ക്കൽ കുഞ്ഞുമോൻ, നഗരസഭ ചെയർമാൻ, ആലപ്പുഴ

..........................................

 നിർദ്ദേശങ്ങൾ മൂന്ന്

മൂന്ന് നിർദേശമാണ് കേന്ദ്രസർക്കാർ നൽകിയത്, മാലിന്യങ്ങളുടെ സംഭരണവും സംസ്കരണവും, പൊതുനിരത്ത്, വീടുകൾ, കമ്മ്യൂണിറ്റി ടോയ്ലറ്റ് സംവിധാനവും. കൊമേഴ്സൽ സ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സംവിധാനമാണ് നിർദേശിച്ചി​ട്ടുള്ളത്.

..................................................

 ഡൗൺലോഡ് ചെയ്യാം

നടപ്പാക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും സ്വച്ഛ് സർവേക്ഷൺ വെബ്സൈറ്റിൽ ഡൗൺലോഡ് ചെയ്യും. പ്രവർത്തനങ്ങൾ പരിശോധിക്കാൻ കേന്ദ്രസർക്കാരിന്റെ പ്രത്യേക സംഘം ഓരോ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് പ്രവർത്തന മികവ് തിട്ടപ്പെടുത്തുന്നത്. 2017ൽ നഗരസഭ സമർപ്പിച്ച പദ്ധതിക്ക് 7.97കോടി അനുവദിച്ചിരുന്നു.