അരലക്ഷം രൂപ പിഴയും
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ടിപ്പർലോറി ഇടിച്ച് കാർ യാത്രക്കാരായ, ഒരു കുടുംബത്തിലെ നാലുപേർ മരിച്ച കേസിൽ പ്രതിയായ ലോറി ഡ്രൈവർ നെടുമുടി തെക്കുംമുറി കടുക്കാണത്തറ വീട്ടിൽ ഷിനോദിന് (35) അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയും. കുറ്റകരമായ നരഹത്യയ്ക്കാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി പി.എസ്.ശശികുമാർ ശിക്ഷിച്ചത്.
പിഴത്തുക, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടാം സാക്ഷിയായ കാർ ഡ്രൈവർ ജോയിക്ക് നൽകണം. അല്ലെങ്കിൽ ഒരുവർഷം കൂടി കഠിന തടവ് അനുഭവിക്കണം. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ തങ്ങളുടെ ചുമതല കൃത്യമായി പാലിക്കാത്തതാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.
2013 മാർച്ച് 13ന് പള്ളികൂട്ടുമ്മയ്ക്ക് അടുത്തുള്ള മടലാടിയിലാണ്, ചങ്ങനാശേരി ഭാഗത്തേക്ക് അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി ജീപ്പിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറിൽ ഇടിച്ചത്. കാറിൽ ഉണ്ടായിരുന്ന കൊട്ടാരക്കര ഉമ്മന്നൂർ ആലുവിളയിൽ ബിജു എൽ.തങ്കച്ചൻ (45), ഭാര്യ പ്രിൻസി (40), മക്കളായ ആരോൺ (15), ഷാരോൺ (10) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ജോയിക്ക് ഗുരുതരമായി പരിക്കേറ്റു. ഹോളോബ്രിക്‌സ് കയറ്റി നിറുത്തിയിട്ടിരുന്ന എയ്‌സ് ലോറി ഇടിച്ചുതകർത്ത ശേഷമാണ് ലോറി നിന്നത്. എയ്‌സിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. രാമങ്കരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 29 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി.വിധു കോടതിയിൽ ഹാജരായി.