ഹരിപ്പാട്: കായംകുളത്തെ സി.പി.എം പ്രവർത്തകനായ സിയാദിനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊല ചെയ്ത സംഭവത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും ഡി.സി.സി.പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെയും പങ്കിനെ സംബന്ധിച്ചും അന്വേഷിക്കണമെന്ന് കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ ആവശ്യപ്പെട്ടു. കൊല നടത്തിയ പ്രതികളുടെ പ്രധാന താവളം ഹരിപ്പാടും പരിസര പ്രദേശങ്ങളുമായിരുന്നു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന സന്ദർഭത്തിലാണ് കോൺഗ്രസ് നേതാക്കളുടെ തണലിൽ ഇത്തരം ക്രിമിനൽ സംഘങ്ങൾ എല്ലാം വളർന്നു വന്നത്. നിരവധി കൊലപാതകളും ക്വട്ടേഷൻ ആക്രമണങ്ങളും ക്രിമിനൽ സംഘങ്ങൾ നടത്തിയിട്ടുണ്ടുണ്ട്. ആ സന്ദർഭങ്ങളിലെല്ലാം അവർക്ക് എല്ലാ വിധ സംരക്ഷണവും നൽകിയിട്ടുള്ളത് ചെന്നിത്തലയും ഡി.സി.സി പ്രസിഡന്റ് ലിജുവുമാണ്. കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്ന പ്രതിപക്ഷനേതാവ് എന്തുകൊണ്ടാണ് നിരപരാധി​യായ സിയാദിനെ അരുംകൊല ചെയ്തിട്ട് അപലപിക്കാതിരുന്നതെന്നും എം.സത്യപാലൻ പ്രസ്താവനയിൽ ചോദിച്ചു.