കായoകുളം: എം.എസ്.എം സ്കൂളിന് സമീപം വൈദ്യൻവീട്ടിൽതറയിൽ സിയാദിനെ (36) കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി എരുവ സക്കീന മൻസിലിൽ വെറ്റ മുജീബ് (39), കൂട്ടുപ്രതി എരുവ ചെറുകാവിൽ വിഠോബ ഫൈസൽ (32) എന്നിവരെ കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൊലപാതക കേസിൽ കസ്റ്റഡിയിലായ എരുവ സ്വദേശി വിളക്ക് ഷഫീഖിനെ (26) ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. പരിക്കേറ്റ മുജീബിനെ വീട്ടിലെത്തിച്ച കോൺഗ്രസ് കൗൺസിലർ കാവിൽ നിസാം കൊലപാതക കേസിൽ മൂന്നാം പ്രതിയാണ്. സംഭവം യഥാസമയം പൊലീസിൽ അറിയിച്ചില്ലെന്നതും മുജീബിന് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയെന്നതുമാണ് നിസാമിനെതിരെയുള്ള കുറ്റം. കൊലപാതകത്തിന് ശേഷം കോയിക്കപ്പടിയിൽ വച്ച് സിയാദിന്റെ സുഹൃത്തുക്കളായ റെജീഷ് (34), പനമ്പള്ളി ഷഹീർ (32) എന്നിവരെ അക്രമിച്ച കേസിൽ ആറ് പേരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. സിയാദിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വെറ്റ മുജീബിന്റെ മൊഴിയിലുള്ളത്.