തുറവൂർ: ഫേസ് ബുക്കിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം, ഗർഭിണിയായ വീട്ടമ്മ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു. പതിനൊന്നുവയസുകാരനായ മകനെയും ഇവർക്ക് സമീപം മരിച്ച നിലയിൽ കാണപ്പെട്ടു. കോടംതുരുത്ത് പഞ്ചായത്ത് എഴുപുന്ന തെക്ക് വല്ലേത്തോട് നികർത്തിൽ വിനോദിന്റെ ഭാര്യ രജിത (32), മകൻ വൈഷ്ണവ് (നന്ദു) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. മരപ്പണിക്കാരനായ വിനോദ് ഒരാഴ്ച മുൻപ് കായംകുളത്ത് ജോലിയ്ക്ക് പോയതാണ്. വിനോദിന്റെ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി പത്തരയോടെ രജിതയും മകനും ഉറങ്ങാൻ കിടന്ന മുറിയുടെ വാതിൽ നേരം പുലർന്നിട്ടും തുറക്കാതിരുന്നതിനെ തുടർന്ന് ഇവർ അയൽവീട്ടുകാരുടെ സഹായത്തോടെ വാതിൽ തകർത്ത് ഉള്ളിൽ കയറിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. രജിതയുടെ മൃതദേഹം കിടപ്പുമുറിയിലെ ഫാനിനോട് ചേർന്ന ഇരുമ്പ് പൈപ്പിൽ തൂങ്ങിയ നിലയിലായിരുന്നു. കട്ടിലിൽ തലഭാഗവും ശരീരം തറയിൽ മുട്ടിയ നിലയിലുമായിരുന്നു വൈഷ്ണവിന്റെ മൃതദേഹം. കഴുത്തിൽ ഷാൾ കുരുക്കിയ നിലയിലായിരുന്നു.
രജിത നാലു മാസം ഗർഭിണിയായിരുന്നു. വൈഷ്ണവ് വല്ലേത്തോട് ചങ്ങരം ഗവ.യു.പി.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ പുലർച്ചെ രണ്ടരയോടെ സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം.
ചേർത്തല തഹസിൽദാർ ആർ.ഉഷയുടെ സാന്നിദ്ധ്യത്തിൽ കുത്തിയതോട് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴയിൽ നിന്ന് ഫോറൻസിക് വിദഗദ്ധരെത്തി സംഭവസ്ഥലം പരിശോധിച്ചു. രജിതയുടെയും വൈഷ്ണവിന്റെയും സ്രവ പരിശോധന നടത്തിയ ശേഷം പൊലീസ് സർജന്റെ നേതൃത്വത്തിൽ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.
സംഭവത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ വൈഷ്ണവിന്റെ മരണകാരണം വ്യക്തമാകൂവെന്നും കുത്തിയതോട് എസ്.എച്ച്.ഒ എ.വി.ബിജു പറഞ്ഞു.
ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും ഭർത്താവിന്റെ ഉത്തരവാദിത്വമില്ലായ്മയുമൊക്കെ വ്യക്തമാക്കി രജിത തന്റെ മാതാപിതാക്കൾക്ക് സ്വന്തം കൈപ്പടയിൽ കത്തെഴുതി അതിന്റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കത്ത് മുറിയിൽ നിന്ന് കണ്ടെടുത്തു. 'ഞാൻ പോകുന്നു, എന്റെ നന്ദുവിനെയും ഒപ്പം കൊണ്ടു പോകുന്നു, എനിക്ക് ഇവിടെ ഇനി ജീവിക്കാൻ പറ്റില്ല എന്നോട് ക്ഷമിക്കണം' എന്ന് കത്തിൽ പറയുന്നു.