photo

 പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ തൊഴിലുറപ്പ് പദ്ധതിക്കായി ഓഫീസ്

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പ്രത്യേക ഓഫീസ് സമുച്ചയം. രാജ്യത്തുതന്നെ ഏ​റ്റവും അധികം തൊഴിൽ ദിനങ്ങൾ നൽകിയതിനുൾപ്പെടെയുള്ള ആദരവായാണ് പഞ്ചായത്ത് പ്രത്യേക ഓഫീസ് സംവിധാനം ഒരുക്കിയത്.

തൊഴിലുറപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിർവഹിച്ചു. രമാമദനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സുധർമ്മ സന്തോഷ്, ബിനിത മനോജ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ.സെബാസ്​റ്റ്യൻ,സനൽനാഥ്, സാനുസുധീന്ദ്രൻ, രമേഷ്ബാബു സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീജ ഷിബു, എ.ഇ സിനി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി അബുദുൾഖാദർ സ്വാഗതവും അസിസ്​റ്റന്റ് സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു.

നാലായിരത്തിലധികം തൊഴിലാളികളാണ് പഞ്ചായത്തിലെ വിവിധ പ്രവൃത്തികളിൽ ഏർപ്പെടുന്നത്. തൊഴിലുറപ്പ് രംഗത്ത് ആദായമായി ജലസംഭരണി നിർമ്മിച്ച് വീട്, തൊഴുത്ത്, ആട്ടിൻകൂടുകൾ, സോക്ക് പി​റ്റുകൾ,കട്ടനിർമ്മാണം,ഓടകൾ,റോഡുകൾ,നടപ്പാതകൾ, സ്‌കൂൾ പാചകപ്പുരകൾ എന്നിവ ഇതിൽപ്പെടുന്നു.

 വേപ്പില ഗ്രാമം

തണ്ണീർമുക്കം വേപ്പില ഗ്രാമം പദ്ധതി ഏറെ ജനശ്രദ്ധ നേടിയിരുന്നു. കാർഷിക മേഖലയിൽ ഈ വർഷം 75 തരം തൈകൾ നട്ട് മികച്ച മുന്നേ​റ്റമാണ് പഞ്ചായത്ത് നടത്തിയത്. തരിശ് രഹിത പുരയിടങ്ങൾ മൂന്ന് ഹെക്ടർ സ്ഥലത്താണ് ഒരുക്കിയത്. നിലവിൽ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിച്ചിരുന്ന തൊഴിലുറപ്പ് കാര്യാലയം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിൽ തന്നെ പ്രത്യേക ഓഫീസ് സംവിധാനം ഒരുക്കിയത്.