ചേർത്തല: മരണമടഞ്ഞ വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കടക്കരപ്പള്ളി മേഖലയിൽ ആശങ്കയേറി.രോഗവ്യാപനം രൂക്ഷമായ കടക്കരപ്പള്ളിയിൽ ആരോഗ്യ പ്രവർത്തകനടക്കം ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം കോർമശേരിയിൽ നടത്തിയ പരിശോധനയുടെ ഫലം ലഭിച്ചപ്പോഴാണ് ആരോഗ്യ പ്രവർത്തകനടക്കം രോഗബാധ കണ്ടെത്തിയത്.13-ാം വാർഡിൽ രണ്ട് കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം മരണമടഞ്ഞ കടക്കരപ്പള്ളി പഞ്ചായത്ത് 12-ാം വാർഡിൽ തൈക്കൽ പാല്യത്തയ്യിൽ ബേബി ജോർജിന് (62) രോഗം സ്ഥിരീകരിച്ചതോടെ ഇവരെ പ്രവേശിപ്പിച്ച അർത്തുങ്കലിലെ സ്വകാര്യ ആശുപത്രി ജീവനക്കാരെയും സംസ്‌കാര ശുശ്രൂഷകളിൽ പങ്കെടുത്തവരെയും ബന്ധുക്കളേയും നിരീക്ഷണത്തിലാക്കി. ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഇന്നലെയാണ് പരിശോധന ഫലം ലഭിച്ചത്.പുതിയ പ്രോട്ടോകോൾ അനുസരിച്ച് പരിശോധനയ്ക്ക് ശേഷം പൂർണമായി മൂടിക്കെട്ടിയാണ് മൃതദേഹം ബന്ധുക്കൾക്ക് ആരോഗ്യവകുപ്പ് കൈമാറിയത്.എന്നാൽ തൈക്കൽ സെന്റ് ഫ്രാൻസീസ് അസിസി ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചത് കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയായിരുന്നെന്നാണ് ആക്ഷേപം. ഇതോടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരേയും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

 172 പേർ

കടക്കരപ്പള്ളിയിൽ ആരോഗ്യ പ്രവർത്തകരുൾപ്പെടെ 172 പേരെ ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കി.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ പ്രവർത്തകർക്കായി പ്രത്യേക പരിശോധന നടത്തിയത്.പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചുരുക്കം ചില ജീവനക്കാർ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്.പലരും രോഗഭീതിയും മറ്റ് കാരണങ്ങളും പറഞ്ഞ് ബോധപൂർവം ജോലിയിൽ നിന്ന് വിട്ട് നിൽക്കുന്നതായും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള പഞ്ചായത്തായി മാറുന്ന സ്ഥിതിയിലേക്കാണ് കടക്കരപ്പള്ളി മാറുന്നത്. 12 പേരുടെ പരിശോധന ഫലം പോസി​റ്റീവായ എഴുപുന്നയിലാണ് കൂടുതൽ രോഗബാധിതരുള്ളത്.