s

ആലപ്പുഴ: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ, അത്തപ്പൂക്കളം ഒരുക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം പൂവിപണിയുടെ നടുവൊടിച്ചു. അത്തം പിറന്നാൽ പൂക്കളുടെ വലിയ കൂമ്പാരങ്ങൾ കണ്ടിരുന്ന കടകളിൽ ഇന്നലെ നാമമാത്രമായ സ്റ്റോക്കേ ഉണ്ടായിരുന്നുള്ളൂ. പൂവാങ്ങാൻ വരുന്നവരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നടന്ന വില്പനയുടെ 20 ശതമാനം മാത്രമേ ഇപ്പോൾ നടക്കുന്നുള്ളുവെന്ന് കച്ചവടക്കാർ പറയുന്നു.

ബംഗളൂരു, മൈസൂരു, ഗുണ്ടൽപ്പെട്ട്, നാഗർഹോലെ, ഹോസൂർ, സേലം, ഊട്ടി, കോയമ്പത്തൂർ, കമ്പം, തേനി, ശീലയംപട്ടി, ശങ്കരൻകോവിൽ, മധുര, ഡിണ്ടിഗൽ, തോവാള തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നാണ് ഓണം വിപണിയിലേക്കു പൂക്കൾ എത്തുന്നത്. ഉത്സവം, വിവാഹം, ക്ഷേത്രങ്ങളിലെ ചടങ്ങുകൾ എന്നിവയെല്ലാം കൊവിഡ് ഭീഷണയെതുടർന്ന് ഒഴിവാക്കിയതോടെ പുഷ്പക്കച്ചവടത്തിൽ വൻ ഇടിവുണ്ടായിരുന്നു.ഓണക്കാലത്തെ കച്ചവടത്തിലാണ് കച്ചവടക്കാർ കണ്ണുവച്ചിരുന്നത്.

ജില്ലയിൽ ചെറതും വലുതുമായ 600ൽ അധികം അംഗീകൃത കച്ചവടക്കാരം ഇത്രയും തന്നെ നിരത്തുകളിൽ പുഷ്പം വിൽക്കുന്ന ചെറികച്ചവടക്കാരും ഉണ്ട്. 2000ത്തോളം പേരുടെ ഉപജീവനമാർഗമാണിത്. ആവശ്യമായ പൂക്കളുടെ പത്ത് ശതമാനം പോലും സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നില്ല.

എല്ലാ വഴിയുമടഞ്ഞു

സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ അത്തപ്പൂക്കളം ഒരുക്കുന്നതിന് 5,000രൂപ മുതൽ 20,000രൂപയുടെ വരെ പൂക്കൾ മുൻകാലങ്ങളിൽ വാങ്ങിയിരുന്നു. കൊവിഡിനെ തുടർന്ന് സ്കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുന്നതും സർക്കാർ ഓഫീസുകളിൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന നിർദേശവും പുഷ്പവിപണിയ്ക്ക് തിരിച്ചടിയായി. അരളിപ്പൂക്കൾക്ക് ഓണവിപണിയിൽ വില കിലോഗ്രാമിന് 300 രൂപ വരെ ഉയർന്നു. റോസ്, താമര തുടങ്ങിയവയ്ക്കും പൊള്ളുന്ന വിലയാണ്.

അത്തപ്പൂക്കളമൊരുക്കാൻ

ബെന്തി, പിച്ചി, ജമന്തി, അരളി, മുല്ല, റോസ എന്നീ പുഷ്പങ്ങളാണ് പ്രധാനമായും അത്തപ്പൂക്കളം ഒരുക്കുന്നതിന് ഉപയോഗിക്കുന്നത്.

100 : ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലെ ഒരുകടയിൽ മാത്രം മുൻ വർഷങ്ങളിൽ ഓണക്കാലത്ത് ഓരോ ഇനം പൂക്കളും 100 കിലോ വീതം വിറ്റിരുന്നുന്നു

20 : ഈ വർഷം 20 കിലോയിൽ താഴെമാത്രമാണ് ഓരോ ഇനം പൂക്കളുടെയും വില്പന

1000 : പരമാവധി 1000രൂപയുടെ പുഷ്പങ്ങളാണ് വീടുകളിൽ അത്തപ്പൂക്കളമൊരുക്കാൻ വാങ്ങിയിരുന്നത്

"പഴവും പച്ചക്കറിയും കൊണ്ടുവരുന്ന വാഹനത്തിൽ എത്തുന്ന പുഷ്പങ്ങൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് അനീതിയാണ്. ഇനി ഉത്രാടനാളിൽ മാത്രമാണ് ഏക പ്രതീക്ഷ.

നാരായണപിള്ള(ബാബു), മഹാദേവ ഫ്ളവർ സ്റ്റോഴ്സ്, മുല്ലക്കൽ, ആലപ്പുഴ

വിലനിലവാരം

(കിലോഗ്രാമിന് രൂപയിൽ)

ബെന്തി-140

റോസ്-300-400

മുല്ലപ്പൂവ്-800-1000

അരളി-300-600

ജെമന്തി-200-300

കൊങ്ങിണി-150-350