യന്ത്രവത്ക്കരണത്തിൽ പണിയില്ലാതെ ആലകൾ
ആലപ്പുഴ: ജനിച്ച് കൊടുവള്ളി മുറിക്കുന്നത് മുതൽ മരിച്ച് കുഴിച്ചിടുന്നത് വരെ കൊല്ലന്റെ സഹായം വേണമെന്നാണ് പഴമൊഴി. എന്നാൽ റെഡിമെയ്ഡ് ഉപകരണങ്ങളുടെ കടന്നുവരവോടെ കൊല്ലന്റെ ആലയിൽ തീ പുകയാതായി. മുമ്പ് ഇരുമ്പ് ഉപകരണങ്ങൾക്ക് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചിരുന്നത് ഓണക്കാലത്താണ്. കൊയ്‌ത്തരിവാളിനായി കുട്ടനാട്ടിൽ നിന്നടക്കം ആളുകൾ കൊല്ലന്മാരെ തേടി എത്തുമായിരുന്നു. എന്നാൽ സകലതും യന്ത്രമയമായതോടെ അരിവാളും വെട്ടുകത്തിയും കോടാലിയുമൊന്നും തേടി ആവശ്യക്കാരെത്താത്ത അവസ്ഥ. പത്ത് തൊഴിലാളികൾ അരിവാൾ കൊണ്ട് മണിക്കൂറുകൾ എടുത്ത് ചെയ്യുന്ന ജോലി കൊയ്ത്ത് മെഷീൻ മിനിട്ടുകൾ കൊണ്ട് പൂർത്തിയാക്കും. റെഡിമെയ്ഡ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കുവേണ്ടി മാത്രമാണ് ഇപ്പോൾ ആളുകൾ ആലയിലെത്താറുള്ളതെന്ന് കൊല്ലപ്പണിക്കാർ പറയുന്നു. ആശാരിമാരുടെ ഉളിയും കരണ്ടിയും വരെ ഓൺലൈനിലടക്കം ലഭ്യമാണ്. വിലയും കുറവ്. ഇതോടെ ആളുകൾ അവയ്ക്ക് പിന്നാലെ പോകുന്നു. എന്നാൽ ആലയിൽ കൈപ്പണിയിൽ നിർമ്മിച്ചെടുക്കുന്ന ഇരുമ്പ് ഉപകരണങ്ങളുടെ ഗുണമേന്മയോ ആയുസോ റെഡിമെയ്ഡ് ഉത്പന്നങ്ങൾക്ക് ലഭിക്കാറില്ലെന്നത് യാഥാർത്ഥ്യം.
ലോക്ക്ഡൗൺ കാലം മുതൽ ഇരുമ്പ് നിർമ്മാണത്തിനുള്ള ചിരട്ടക്കരി സംസ്ഥാനത്ത് ലഭിക്കാൻ പ്രയാസമുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് ചിരട്ടക്കരി എത്തുന്നത്. കേരളത്തിലെ ചിരട്ടക്കരിയുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ, ഒരു കിലോയ്ക്ക് 60 രൂപ നിരക്കിൽ ലഭിക്കുന്ന തമിഴ്നാടൻ കരി ലാഭകരമാണെന്ന് കൊല്ലപ്പണിക്കാർ പറയുന്നു. കൊവിഡ് കാലത്തിന് മുമ്പ് അന്യസംസ്ഥാനത്തൊഴിലാളികൾ കേരളത്തിലെ വഴിയോരങ്ങളിൽ ഇരുമ്പ് ഉത്പന്ന നിർമ്മാണവും വിൽപനയും നടത്താറുണ്ടായിരുന്നു. കാഴ്ചയിലെ കൗതുകത്തിനപ്പുറം ഗുണമേന്മയില്ലാത്തതിനാൽ ഇവയ്ക്ക് പിന്നാലെ പോകുന്ന ആളുകളുടെ എണ്ണം കുറഞ്ഞിരുന്നു. പാരമ്പര്യമായി കൊല്ലപ്പണി ചെയ്യുന്നവർ തുടരുന്നതല്ലാതെ, ഈ മേഖലയിലേക്ക് പുതുതലമുറ കടന്നുവരുന്നത് കുറവാണ്.
..............................
തൊഴിൽ മേഖലയിലെ യന്ത്രവത്കരണം ആലകളുടെ പ്രവർത്തനത്തെ ബാധിച്ചു
കൊയ്‌ത്ത് യന്ത്രം വന്നതോടെ കാർഷിക മേഖലയിൽ അരിവാൾ ഉണ്ടാക്കുന്ന പണി കുറഞ്ഞു
കല്ലുവെട്ടാനും മഴുവിന് പകരം യന്ത്രം വന്നു
കൈപ്പണിക്ക് കൂടുതൽ സമയം വേണം, നിരക്കും കൂടും
തമിഴ് നാട്ടിൽ നിന്നുള്ള ചിരട്ടക്കരിയുടെ വരവ് നിലച്ചത് വിനയായി
......................
പണ്ടൊക്കെ ഓണക്കാലത്താണ് കൊയ്‌ത്തരിവാളിന്റെ വലിയ ഓർഡറുകൾ ലഭിച്ചിരുന്നത്. കൊല്ലപ്പണിക്കാരന്റെ സീസണായിരുന്നു കൊയ്‌ത്തുകാലം. ഇന്ന് കഥ മാറി. പാരമ്പര്യ തൊഴിലായതിനാൽ പിടിച്ചു നിൽക്കുന്നു. പുതുതലമുറ ഈ മേഖലയിലേക്ക് വരില്ല - സുമോൻ, കൊല്ലപ്പണിക്കാരൻ, പുന്നപ്ര
..................
പ്രവർത്തനം
ഉല, ചുറ്റിക, അടകല്ല്, കൊടിൽ എന്നിവയാണ് കൊല്ലന്റെ ഉപകരണങ്ങൾ. ഇതിൽ ഉലയാണ് കാറ്റിനെ നിയന്ത്രിക്കുന്നത്. മൂന്ന് പലകകളുളള രണ്ട് അറകളോടുകൂടിയ തുകൽകൊണ്ടു പൊതിഞ്ഞ ഒരു പെട്ടിയാണിത് . ഇതിൽ ബന്ധിച്ചിരിക്കുന്ന ചങ്ങല വലിക്കുമ്പോൾ മുകളിലത്തെ അറയിൽനിന്നും കാറ്റ് താഴത്തെ അറയിലേയ്‌ക്കുവരുന്നു. പിന്നീട് കാറ്റ് പലകയുടെ തറയിൽ ഉറപ്പിച്ചിരിക്കുന്ന ദ്വാരത്തിലൂടെ പുറത്തുവരുന്നു. അതിനടുത്തായിട്ടാണ് കരി ഇട്ടുകൊടുക്കുന്നത്. കാറ്റ് കനലിനെ ഊതിക്കത്തിക്കുന്നു. പണിക്കാവശ്യമായ ഇരുമ്പ് ഉലയുടെ സഹായത്തോടെ കനലിൽ ചുട്ടെടുക്കുന്നു. ശേഷം പഴുപ്പിച്ച് എടുത്ത ഇരുമ്പ് കാഠിന്യം കൂട്ടുന്നതിനുവേണ്ടി വെളളത്തിലോ എണ്ണയിലോ വയ്‌ക്കുന്നു. ശേഷം അടകല്ലിൽവച്ച് ചുറ്റികകൊണ്ട് അടിച്ച് ആകൃതിവരുത്തുന്നു.
......................
ചിരട്ടക്കരി - ഒരു കിലോയ്ക്ക് 60 രൂപ
................