ഹരിപ്പാട്: ശ്രീനാരായണ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ നങ്ങ്യാർകുളങ്ങര റീജിയണൽ ഡെവലപ്മെന്റ് കൗൺസിലിൽ നിന്നും മത്സരിക്കാൻ വ്യാജരേഖ ചമച്ച് പത്രികകൾ സമർപ്പിച്ചതായി പരാതി. കണ്ടല്ലൂർ സുധീർ, കാർത്തികപ്പള്ളി സ്വദേശി അഡ്വ.അജിത് ശങ്കർ, കുമാരപുരം സ്വദേശി ഗോപാലകൃഷ്ണൻ, മാവേലിക്കര സ്വദേശികളായ ബി.സുരേഷ് ബാബു, ഡോ.പി.ബി സതീഷ് ബാബു, തട്ടാരമ്പലം സ്വദേശി എൻ.ശിവദാസൻ എന്നിവർക്കെതിരെയാണ് പരാതി . സ്ഥാനാർത്ഥിയായ ദയകുമാർ ചെന്നിത്തലയാണ് ഹരിപ്പാട് പൊലീസ് എസ്.എച്ച്.ഒയ്ക്ക് പരാതി നൽകിയത്.

സെപ്തംബർ 18ന് നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി വെള്ളിയാഴ്ച ആയിരുന്നു. അന്ന് വൈകിട്ട് 3 മണിയോടെ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ കണ്ടല്ലൂർ സുധീർ, അഡ്വ.അജിത് ശങ്കർ, ഗോപാലകൃഷ്ണൻ എന്നിവർ എത്തി മറ്റ് മൂന്ന് പേരുടെ നാമനിർദ്ദേശപത്രിക വാങ്ങി. ഓഫീസ് പരിസരത്ത് വച്ച് തന്നെ ഇവർ ഇത് പൂരിപ്പിക്കുകയും സ്ഥാനാർത്ഥികളുടെ ഒപ്പ് അവരുടെ അറിവോടെ വ്യാജമായി ഇട്ട് 3.40 ഓടെ സമർപ്പിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഇത് തിരഞ്ഞെടുപ്പ് നടപടികൾക്ക് വിരുദ്ധവും റിട്ടേണിംഗ് ഓഫീസറെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജരേഖ ചമയ്ക്കലുമാണെന്നും പരാതിയിലുണ്ട്. വ്യാജരേഖ ചമയ്ക്കൽ നങ്ങ്യാർകുളങ്ങര ആർ.ഡി.സി ചെയർമാനും എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ പ്രസിഡന്റുമായ എസ്.സലികുമാർ നേരിൽ കണ്ടിട്ടുണ്ടെന്നും അദ്ദേഹം റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ദയകുമാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.