
ആലപ്പുഴ: ആലപ്പുഴ നഗരസഭ വൈസ് ചെയർപേഴ്സണും രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ചെയർമാനും സെക്രട്ടറിയും മറ്റ് ജനപ്രതിനിധികളും ജീവനക്കാരുമുൾപ്പെടെ ക്വാറന്റൈനിൽ പ്രവേശിച്ചു. സമ്പർക്ക വ്യാപനം തടയാൻ നഗരസഭ ഓഫീസ് ഏഴുദിവസത്തേക്ക് അടച്ചിടാനും തീരുമാനിച്ചു.
കൊവിഡ് സമ്പർക്ക വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്ത തുമ്പോളി വാർഡിൽ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ കൗൺസിലർമാരും സെക്രട്ടറിയും ആരോഗ്യ വിഭാഗം ജീവനക്കാരും ചേർന്ന് കഴിഞ്ഞ ദിവസം ഭവനസന്ദർശനവും ശുചീകരണവും നടത്തിയിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരുടെ പരിശോധനാഫലമാണ് ഇന്നലെ പോസിറ്റീവായത്. ആദ്യം നടത്തിയ രണ്ട് ടെസ്റ്റുകളിൽ ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. മൂന്നാമത്തെ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇവർ വിവിധ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. വൈസ് ചെയർപേഴ്സൺ സപ്ളൈകോയുടെ ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു.