ആലപ്പുഴ: ഉദ്ഘാടനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ സപ്ലൈക്കോ ഓണം ജില്ലാ ഫെയറിന് മികച്ച പ്രതികരണം . പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോൾ വിലക്കുറവുള്ളതിനാൽ കൂടുതലാളുകൾ എത്തുന്നുണ്ട്. നഗരത്തിൽ പുന്നപ്ര വയലാർ സ്മാരക ഹാളിലാണ് ജില്ലാ ഫെയർ ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനത്തിൽ തന്നെ വിൽപ്പനയിൽ തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് തൊട്ടുപിന്നിലായി ആലപ്പുഴയുണ്ട്. ഹോർട്ടികോർപ്പ്, കയർ കോർപ്പറേഷൻ തുടങ്ങിയവയുടെ സ്റ്റാളുകളും ഫെയറിനൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഈ മാസം 30 വരെയാണ് ഫെയർ. ഉപഭോക്താക്കൾ കൂടുതലായി എത്തുന്നുണ്ടെങ്കിലും കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് വിൽപ്പന . വരുന്നവരുടെ താപനില പരിശോധിച്ച്, അണുനശീകരണം നടത്തിയ ശേഷമാണ് പ്രവേശിപ്പിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് പുറമേ, ഗൃഹോപരണങ്ങൾക്കും മികച്ച വിലക്കിഴിവുണ്ട്. മിക്സി, കുക്കർ, തവ, തേപ്പുപെട്ടി, അപ്പച്ചട്ടി തുടങ്ങി വിവിധ ഉത്പന്നങ്ങൾ ലഭ്യമാണ്.
........................
ആദ്യ ദിവസങ്ങളിൽ തന്നെ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.കൊവിഡ് മാനദണ്ഡങ്ങളോടെ നിയന്ത്രണങ്ങൾ പാലിച്ചാണ് വിൽപ്പന. പൊതുവിപണിയുടെ പകുതി വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്നത് സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാകും - ജി.ശ്രീജിത്ത്, സപ്ലൈക്കോ ഫെയർ ഓഫീസർ
......................
വിലവിവരപ്പട്ടിക (കിലോഗ്രാമിന് രൂപയിൽ)
ഇനം - സപ്ലൈക്കോ വില - പൊതുവിപണി വില
അരി (ജയ) - 25 - 36
പച്ചരി - 23 - 34
പഞ്ചസാര - 23.50 - 40
ചെറുപയർ - 77 - 100
ഉഴുന്ന് - 69 - 130
കടല - 46 - 85
പരിപ്പ് - 68 - 90
മുളക് - 78 - 260
മല്ലി - 79 - 95
വെളിച്ചെണ്ണ - 92 - 190