ചാരുംമൂട് : ചാരുംമൂട് മേഖലയിലെ നൂറനാട്, ചുനക്കര , പാലമേൽ, താമരക്കുളം പഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം. നൂറനാട് പാറ്റൂരിൽ ഒരു കൊവിഡ് മരണം റി​പ്പോർട്ട് ചെയ്തു. നൂറനാട് പാറ്റൂർ കൃഷ്ണ ഭവനം കൃഷണൻ (54) ആണ് മരിച്ചത്. കൃഷ്ണൻ ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തിവരികയായിരുന്നു. കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കൃഷ്ണന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. പഞ്ചായത്തിലെ ചെറുമുഖ സ്വദേശിയായ യുവതിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിരവധി പേരെ ക്വാറന്റയിനിലാക്കി.ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്ക് അടുത്ത ദിവസം കൊവിഡ് പരിശോധന നടത്തും. പാലമേൽ പഞ്ചായത്തിൽ ആദിക്കാട്ടുകുളങ്ങര സ്വദേശിയായ യുവാവിന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവാവിന്റെ സമ്പർക്ക പട്ടികയും ശേഖരിച്ചു വരികയാണ്.

ചുനക്കര തെരുവുമുക്ക് സ്വദേശിയായ യുവാവിനും കൊവിഡ് സ്ഥിരീകരിച്ചു. മത്സ്യ വ്യാപാരിയായ ഇയാൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടതോടെയാണ് കൊവിഡ് പരിശോധന നടത്തിയത്. ചാരുംമൂട് മാർക്കറ്റിലുൾപ്പെടെ മത്സ്യ വ്യാപാരം നടത്തിവരികയായിരുന്നു യുവാവ്. മാർക്കറ്റിൽ ഇന്നലെ അണുനശീകരണ പ്രവർത്തനം നടത്തി.

മാർക്കറ്റുകൾ അടയ്ക്കും

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ചുനക്കര , ചാരുംമൂട് , പടനിലം മാർക്കറ്റുകൾ താത്കാലികമായി അടച്ചിടും.

തെരുവുമുക്കിലെ കടകൾ താത്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.താമരക്കുളത്ത് അക്ഷയ സെന്റർ ജീവനക്കാരിയായ യുവതിയുടെ ഭർത്താവിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എല്ലാ പഞ്ചായത്തുകളിലും നിരവധിയാളുകൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരുടെയടക്കം സമ്പർക്കപ്പട്ടികയിലുള്ളവരുടെ കൊവിഡ് പരിശോധനകളും നടന്നു വരിുന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നൂറനാട് പഞ്ചായത്തിലെ 2,3 വാർഡുകളും ചുനക്കര പഞ്ചായത്തിലെ 5-ാം വാർഡും 6-ാം വാർഡ് ഭാഗികമായും കണ്ടെയ്ൻമെന്റ് സോണുകളാക്കാൻ ജാഗ്രതാ സമിതികളും ആരോഗ്യ വകുപ്പും ജില്ലാ മെഡിക്കൽ ഓഫീസറോട് ശുപാർശ ചെയ്തിട്ടുണ്ട്.