മാന്നാർ: വിധവയായ സ്ത്രീ നടത്തി വന്ന പച്ചക്കറി കട സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ചെന്നിത്തല പഞ്ചായത്ത് ഏഴാം വാർഡിൽ കാരാഴ്മ ക്ഷേത്രത്തിന് കിഴക്കുവശത്തായി വാരിയ വീട്ടിൽ ഉഷ (45) നടത്തുന്ന പച്ചക്കറി കടയ്ക്കാണ് തീയിട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. ഇതു സംബന്ധിച്ച് ഉഷ മാന്നാർ പൊലീസിൽ പരാതി നൽകി. ഉഷ മൂന്ന് വർഷമായി വിവിധയിടങ്ങളിൽ പച്ചക്കറി കച്ചവടം നടത്തിയാണ് കുടുംബം പോറ്റുന്നത്. ഓണക്കച്ചവടത്തിനായിട്ടാണ് കാരാഴ്മ ക്ഷേത്രത്തിന് കിഴക്കുവശത്ത് എസ് എൻ ഡി പി മന്ദിരത്തിന്റെ സമീപത്തായി പച്ചക്കറി കച്ചവടം തുടങ്ങിയത്‌. അഞ്ചംഗസംഘമാണ് സംഭവത്തിന് പിന്നിലെന്ന് ഉഷ പൊലീസിന് മൊഴി നൽകി.