ആലപ്പുഴ:ലോകോത്തര സാങ്കേതിക മികവുള്ള വീഡിയോ കോൺഫറൻസിംഗ് സോഫ്റ്റ് വെയറിന് രൂപം നൽകി രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങിയ ചേർത്തലയിലെ ടെക്ജൻഷ്യയുടെ അടുത്ത ലക്ഷ്യം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 'ഉപയോഗപ്പെടുത്തിയുള്ള കോൺഫറൻസിംഗ് സംവിധാനം. ഇതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായി ടെക്ജൻഷ്യയുടെ സാരഥി ജോയ് സെബാസ്റ്റ്യൻ കേരളകൗമുദിയോട് പറഞ്ഞു.
'ലോകത്ത് ഇത്തരത്തിലൊരു സംവിധാനം ഇപ്പോഴില്ല. എന്നാൽ വലിയ സാദ്ധ്യതയുണ്ട് . അത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം'.ടെക്ജൻഷ്യയുടെ ഭാവിപരിപാടികൾ അദ്ദേഹം വിശദമാക്കി. ഇതിനായി അഞ്ചുപേരുൾപ്പെട്ട റിസർച്ച് ആൻഡ് ഡെഡിക്കേഷൻ ടീമിന് രൂപം നൽകി. ടെക്ജൻഷ്യയുടെ സ്ഥാപകരിൽ ഒരാളും ഇപ്പോൾ ആസ്ട്രേലിയയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ടോണി തോമസ് ഇതിന് നേതൃത്വം നൽകും. കോൺഫറൻസിംഗിൽ പങ്കെടുക്കുന്ന വ്യക്തിയുടെ ഓരോ ചലനവും ശബ്ദവും സൂക്ഷ്മമായി നിരീക്ഷിച്ച് നിമിഷാർദ്ധത്തിന്റെ വ്യത്യാസം പോലുമില്ലാതെ കാണുന്നവരിലേക്ക് എത്തിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ വലിയ സവിശേഷത. ഇപ്പോൾ ഇതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ കഴിയില്ല. തികഞ്ഞ ആത്മവിശ്വാസത്തിന്റെ പുറത്ത് നടത്തുന്ന പരിശ്രമമാണ്.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം നടത്തിയ ഇന്നവേഷൻ ചലഞ്ചിൽ 2000 സ്ഥാപനങ്ങളെ പിന്തള്ളി ഒരു കോടി രൂപയുടെ ഒന്നാം സമ്മാനവും മൂന്ന് വർഷത്തേക്കുള്ള കേന്ദ്രസർക്കാരിന്റെ കരാറും സ്വന്തമാക്കിയ പള്ളിപ്പുറത്ത് ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനം ലോകശ്രദ്ധ നേടിയത് രണ്ട് ദിവസം മുമ്പാണ്.
ഒക്ടോബർ രണ്ടിന്, ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു 2000 ത്തിനും 4000 ത്തിനുമിടയിൽ ആൾക്കാരെ ഉൾപ്പെടുത്തിയുള്ള ഒരു വലിയ കോൺഫറൻസിംഗിനെക്കുറിച്ച് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശം വന്നിട്ടുണ്ട്. അതു യാഥാർത്ഥ്യമായാൽ മറ്റൊരു വഴിത്തിരിവാകും.
നടപ്പു സാമ്പത്തികവർഷം 1.5 മില്യൻ ഡോളറിന്റെ വരുമാനമുള്ള ടെക്ജൻഷ്യയുടെ വരുമാനം 10 ഇരട്ടി ആയി ഉയർത്തുകയാണ് മറ്റൊരു ലക്ഷ്യം. ഇപ്പോൾ സ്ഥാപനത്തിന് പ്രോഡക്റ്റ് മാത്രമാണ് ഉള്ളത്. ഇനി മാർക്കറ്റിംഗ്, സെയിൽസ് മേഖലകളിലേക്ക് കൂടി കാൽ വയ്ക്കുമ്പോൾ ഈ ലക്ഷ്യത്തിലേക്ക് വേഗത്തിൽ എത്താൻ സാധിക്കുമെന്നാണ് വിശ്വാസം.