photo

ചേർത്തല : വയലാർ ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടിന് നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയിൽ അജ്ഞാതസംഘം വീടിന് നേർക്ക് കല്ലെറിയുകയായിരുന്നു. ജനൽചില്ലുകൾ തകർന്നു.ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്നാണ് സമീപത്തെ വീട്ടിലെ സി.സി.ടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് മനസിലായത്.
ആക്രമണമുണ്ടായ വീട്ടിലെ അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.മൂന്നു ബന്ധുക്കൾക്കും പരിശോധനാഫലം പോസി​റ്റീവായി. ഇതിൽ ഒരു വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസെത്തി കാത്തുനിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. വീട്ടിലുണ്ടായിരുന്ന മകൻ വാട്‌സ് ആപ്പ് മെസേജിലൂടെ നൽകിയ സന്ദേശത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.നേരത്തെ രോഗം സ്ഥിരീകരിച്ചവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ആരോഗ്യവകുപ്പും വിവരം ജില്ലാഅധികൃതരെ അറിയിച്ചിട്ടുണ്ട്.അന്വേഷണം നടന്നുവരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ചേർത്തല എസ്.എച്ച്.ഒ പി.ശ്രീകുമാർ അറിയിച്ചു.