മാവേലിക്കര: പൈതൃക വസ്തുക്കൾ തേടി ലോക നാട്ടറിവ് ദിനത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ യാത്ര. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഒരുക്കുന്ന ഓണാട്ടുകര കാർഷിക പൈതൃക സാംസ്കാരിക മ്യൂസിയത്തിലേക്ക് പൈതൃക വസ്തുക്കൾ സമാഹരിക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്ര നടത്തിയത്.
രാവിലെ കായംകുളം മാളിയേക്കൽ ഹക്കീമിന്റെ വീട്ടിൽ നിന്നു സാധനങ്ങൾ ശേഖരിച്ചായിരുന്നു തുടക്കം. ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് ഗോകുലം ഗോപാലകൃഷ്ണൻ, തൈക്കുടുക്കത്ത് എബ്രഹാം ബേബി എന്നിവരുടെയും ചെന്നിത്തല, മാന്നാർ, തഴക്കര പഞ്ചായത്തുകളിലെയും വീടുകളിൽ നിന്നും പഴമയേറിയ വസ്തുക്കൾ ശേഖരിച്ചു. 1000 ചതുരശ്രയടിയോളം സ്ഥലത്താണു മ്യൂസിയം ഒരുങ്ങുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, സെക്രട്ടറി എസ്.ജ്യോതിലക്ഷ്മി, ജെ.ജയലാൽ, വിരാജ് തമ്പുരാൻ, ബിനുതങ്കച്ചൻ, ഗോപൻ ഗോകുലം, അനിൽ പ്രസാദ്, ഉണ്ണികൃഷ്ണൻ, യു.ആർ.മനു, രഞ്ജിത് ഗംഗാധരൻ, സുകു എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.