ആലപ്പുഴ: കൊറോണ അടക്കമുള്ള ദുരിത കാലത്തിലൂടെ കടന്നുപോകുമ്പോഴും വിവിധ മേഖലകളിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് മാതൃകാപരമായ വികസന പ്രവർത്തനങ്ങളെന്നു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കായംകുളം കണ്ടല്ലൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഫിഷറീസ് വകുപ്പിൽ നിന്നും 1.98 കോടി രൂപ വിനിയോഗിച്ചാണ് കണ്ടല്ലൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. യു.പ്രതിഭ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ. എം.ആരിഫ് എം. പി മുഖ്യാതിഥിയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ, കണ്ടല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി.രഞ്ജിത്, മെഡിക്കൽ ഓഫീസർ വിദ്യാ. എസ്.നായർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കായംകുളം നിയോജകമണ്ഡലത്തിൽ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ ആദ്യ പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് കണ്ടല്ലൂരിലേത്.
കണ്ടല്ലൂർ കുടുംബാരോഗ്യ കേന്ദ്രം
സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ വഴി നിർമ്മിച്ചിട്ടുള്ള പുതിയ കെട്ടിട സമുച്ചയത്തിന് 6338 ചതുരശ്ര അടി വിസ്തീർണമുണ്ട്.
ഒ.പി, ഐ.പി, മിനി ഓപ്പറേഷൻ തീയേറ്റർ, ഇൻജക്ഷൻ റൂം, ഒബ്സർവേഷൻ റൂം, ഇമ്മ്യുണൈസേഷൻ റൂം എന്നീ സൗകര്യങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ശ്വാസകോശ രോഗബാധിതരുടെ ചികിത്സയ്ക്കായി ശ്വാസ് ക്ലിനിക്, വിഷാദ രോഗികൾക്കായുള്ള ആശ്വാസ് ക്ലിനിക്, കൗമാരപ്രായക്കാർക്ക് വേണ്ടി പ്രത്യേക ക്ലിനിക്, പ്രീ ചെക്ക് ക്ലിനിക്, വാർഡുകളിൽ സന്ദർശനം നടത്തി ജീവിതശൈലീരോഗങ്ങൾ നിർണയിക്കുന്നതിനുള്ള പ്രോഗ്രാമുകൾ എന്നിവയും നടപ്പാക്കിയിട്ടുണ്ട് .
ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്‌സ്, ഒരു ഫാർമസിസ്റ്റ്, ഒരു ലാബ് ടെക്‌നീഷ്യൻ എന്നീ ക്രമത്തിൽ അധിക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ആരോഗ്യദൗത്യം പദ്ധതിയിലുൾപ്പെടുത്തി 16 ലക്ഷം രൂപ വിനിയോഗിച്ച് ലാബ് നവീകരണം, കാത്തിരിപ്പ് കേന്ദ്രം, എയർപോർട്ട് ചെയറുകൾ, സൈൻ ബോർഡുകൾ, പബ്ലിക് അഡ്രസിംഗ് സിസ്റ്റം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട് .
15.5 ലക്ഷം രൂപ വിനിയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രവും കുടുംബാരോഗ്യ കേന്ദ്രത്തിന് അനുബന്ധമായി നിർമിച്ചിട്ടുണ്ട്.
...............
6338
പുതിയ കെട്ടിട സമുച്ചയത്തിന് 6338 ചതുരശ്ര അടി വിസ്തീർണമുണ്ട്.
1.98
1.98 കോടി രൂപ വിനിയോഗിച്ചാണ് കണ്ടല്ലൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്കിന്റെ നിർമാണം
--