അരുർ: തീരദേശ പാതയിലെ എഴുപുന്ന റെയിൽവേ ഗേറ്റ് മണിക്കൂറുകളോളം പണിമുടക്കിയത് നൂറ് കണക്കിന് വാഹന യാത്രികരെ വലച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ അടച്ച ഗേറ്റ് തകരാർ മൂലം തുറക്കാൻ പറ്റാതെ വരികയായിരുന്നു.ആലപ്പുഴയിൽ നിന്നെത്തിയ സാങ്കേതിക വിഭാഗം ജീവനക്കാർ അറ്റകുറ്റപ്പണി നടത്തി വൈകിട്ട് ആറരയോടെയാണ് ഗേറ്റ് തുറന്നത്. പാത കമ്മീഷൻ ചെയ്തപ്പോൾ സ്ഥാപിച്ച റെയിൽവേ ഗേറ്റാണ് എഴുപുന്നയിലേത്.മാസത്തിൽ രണ്ടു തവണയെങ്കിലും ഗേറ്റ് തകരാറിലാവുന്നത് പതിവാണ്. അരൂർ മണ്ഡലത്തിൽ ഏറ്റവും ഗതാഗത തിരക്കുള്ള എരമല്ലൂർ -എഴുപുന്ന റോഡിലെ ഗേറ്റ് തുടർച്ചയായി പണിമുടക്കുന്നതുമൂലം യാത്രക്കാർ വളരെയേറെ ദുരിതമാണ് അനുഭവിക്കുന്നത്. തീരപ്രദേശമായ ചെല്ലാനം, നീണ്ടകര അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് നാഷണൽ ഹൈവേയിലേക്ക് എത്തുന്നതിനുള്ള പ്രധാന റോഡും ഇതാണ്. . പഴക്കമേറിയ ഗേറ്റിന് പകരം പുതിയ ഗേറ്റ് സ്ഥാപിക്കണമെന്ന് ജെ.എസ്.എസ്. എഴുപുന്ന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് സെക്രട്ടറി റെജി റാഫേൽ റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി.