ആലപ്പുഴ: വറുതിയുടെ നടുവിലാണ് ഈറ്റനെയ്ത്ത് തൊഴിലാളികൾ. ഈറ്റയിൽ കുട്ടയും വട്ടിയും പനമ്പും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നെയ്തെടുക്കുന്ന ഇവർ ലോക്ക്ഡൗൺ പ്രതിസന്ധിയിൽ നീറുകയാണ്. ഈറ്റയുടെ വരവ് പൂർണമായും നിലച്ചു. ജോലിക്ക് വേണ്ടത്ര വേതനം ലഭിക്കുന്നില്ല. ഇങ്ങനെ പ്രശ്നങ്ങൾ നിരവധി.
പുതുതലമുറ കുലത്തൊഴിൽ ഉപേക്ഷിക്കുന്നതും ഉത്പന്നങ്ങളുടെ ക്ഷാമവും കാരണം വ്യവസായം നിലനിൽക്കുമോ എന്ന ആശങ്കയും ഒരു വശത്തുണ്ട്. ഇന്ന് പ്ലാസ്റ്റിക്കും അലൂമിനിയം ഉത്പന്നങ്ങളും ഇവയെ പിൻതള്ളി വിപണി കീഴടക്കിയതോടെ ഡിമാൻഡ് കുറഞ്ഞെന്ന പ്രശ്നവും ഇവരെ വലക്കുന്നു.
#ഒഴിച്ചുകൂടാനാകാത്ത അവശ്യസാധനം
വീട്ടാവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത അവശ്യസാധനങ്ങളായിരുന്നു ഒരു കാലത്ത് ഈറ്റയും പനമ്പും കൊണ്ടുള്ള ഉത്പന്നങ്ങൾ. വിപണി പരിമിതമാണെങ്കിലും ഈറ്റയിലും പനമ്പിലും തീർത്ത ഉത്പന്നങ്ങൾ വർഷങ്ങളായി വിൽപന നടത്തിവരുന്ന നിരവധി വ്യാപാരികൾ നാട്ടിൻ പുറത്ത് ഉണ്ട്. കടകളുടെ മുന്നിൽ നിരത്തിയിരിക്കുന്ന ഈറ്റയിലും പനമ്പിലും തീർത്ത ഉത്പന്നങ്ങൾ അന്നും ഇന്നും കൗതുകമുണർത്തുന്നു. ചെറുതും വലുതുമായ കുട്ടകൾ, വട്ടികൾ, ചിരട്ടത്തവി ,മത്സ്യബന്ധനത്തിന് പോകുമ്പോൾ തലയിലണിയുന്ന തൊപ്പികൾ, ചോറ് വാർക്കുന്ന ഈറ്റ അടപ്പ്, മുറം, പനമ്പു പായ, വട്ടി, പുൽപ്പായ, തഴപ്പായ, നെല്ലുണക്കാൻ ഉപയോഗിക്കുന്ന ചിക്ക് പായ തുടങ്ങിയ എല്ലാത്തരം ഉത്പന്നങ്ങളും ഇന്ന് മൺമറഞ്ഞ് കൊണ്ടിരിക്കുന്നു. പരമ്പരാഗത ഉത്പന്നങ്ങളുടെ വിൽല്പനയെ ലോക്ക്ഡൗൺ പ്രതികൂലമായി ബാധിച്ചു. രണ്ട് പതിപ്പാണ്ട് മുമ്പുവരെ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ വള്ളത്തിലും ബോട്ടുകളിലും എത്തിയിരുന്ന മത്സ്യങ്ങൾ നിറയ്ക്കാൻ വലിയ പനമ്പ് കുട്ടകൾ ഉപയോഗിച്ചിരുന്നു. പ്ലാസ്റ്റിക് ബോക്‌സുകൾ വന്നതോടെ കുട്ടകൾക്ക് മത്സ്യമേഖലയിൽ ആവശ്യക്കാരില്ലാതെയായി. കൃഷി ആവശ്യങ്ങൾക്കുള്ള വലിയ കുട്ടകൾക്കും ആവശ്യക്കാർ കുറഞ്ഞു. അലൂമിനിയം ചരുവവും പ്ളസ്റ്റിക് ചാക്കും വന്നതോടെ വലിയ തിരിച്ചടിയാണ് നേരിട്ടത്. കല്യാണ ആവശ്യങ്ങൾക്കും സദ്യകൾക്കും മാത്രമാണ് ഇപ്പോൾ ആളുകൾ കൊട്ടയും വട്ടിയും അന്വേഷിച്ചെത്തിയിരുന്നതെങ്കിലും അത് കൊവിഡും ചതിച്ചു.
#ഈറ്റയ്ക്ക് തീവില
മുൻകാലങ്ങളിൽ 20എണ്ണം അടങ്ങിയ ഒരുകെട്ട് ഈറ്റയുടെ വില 100രൂപയിൽ താഴെയായിരുന്നു. ഇന്ന് ഈറ്റ കിട്ടാനില്ല. ലഭിക്കുന്ന ഈറ്റയുടെ എണ്ണത്തിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ബാംബു കോർപ്പറേഷൻ വിൽക്കുന്ന ഈറ്റയ്ക്ക് 300രൂപയാണ് വില. എന്നാൽ ഇതേ ഈറ്റക്ക് 2000രൂപ വില കൊടുത്താണ് തൊഴിലാളികൾ വാങ്ങുന്നത്. പഴയകാലത്ത് ഈറ്റകൾ കൂട്ടികെട്ടി ചങ്ങാടം ഉണ്ടാക്കി ഗ്രാമപ്രദേശങ്ങളിൽ എത്തിച്ചിരുന്നു. ഇന്ന് ഗ്രാമപ്രദേശത്ത് ഇത്തരത്തിലുള്ള ഈറ്റവില്പന കടകൾ ഇല്ലാതായി. വനംവകുപ്പിന്റെ നിയന്ത്രണങ്ങളൊന്നുമില്ലായിരുന്നു. വീട്ടുമുറ്റത്ത് ലഭിച്ചിരുന്ന ഈറ്റ വാങ്ങുവാൻ പോകുന്നത് അടൂർ ഭാഗത്താണ്. കിലോമീറ്ററിന്റെ അടിസ്ഥാനത്തിൽ വാഹനവാടകയും നൽകേണ്ട ഗതികേടിലാണ് തൊഴിലാളികൾ.
#കച്ചവടമില്ല, നിർമാണം കുറച്ചു
പണ്ടുകാലത്ത് ഉത്പന്നങ്ങൾ വീടുകൾതോറും കൊണ്ടുനടന്ന് വിൽക്കുമ്പോൾ ആവശ്യക്കാർക്ക് തികയുമായിരുന്നില്ല. ഓണനാളുകളിൽ ചോറുകുട്ടയ്ക്കുേ മുറത്തിനും പ്രീയമായിരുന്നു. പലപ്പോഴും തികയുകയുമില്ലായിരുന്നു. അന്ന് വലിയമാർക്കാറ്റായിരുന്നു. ഇന്ന് വിപണനമേളകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഉത്സവമേളകൾ എന്നിങ്ങനെ ആളുകൂടുന്ന ഇടങ്ങളിൽ ഈറ്റ ഉത്പന്നങ്ങളുമായി എത്തിയാലും കാര്യമായി കച്ചവടം കിട്ടില്ല. ഇതോടെ ഉത്പന്നങ്ങളുടെ നിർമ്മാണം കുറച്ചു. ഒരു കുട്ട ഈറ്റയിൽ നെയ്തെടുക്കുമ്പോൾ രണ്ട് ദിവസം വേണ്ടിവരും. ഈറ്റകൾ കീറി ചീകിയൊരുക്കുകയാണ് ആദ്യം ചെയ്യുന്നത്. ഈറവിലയും തൊടിലിന്റെ വേതനവും നോക്കിയാൽ കാര്യമായ പ്രയോജനം ലഭിക്കാത്തതിനാൽ ഈ മേഖലയിലുള്ള പുതിയ തലമുറക്കാർ മറ്റ് തൊഴിൽ മേഖലിയിലേക്ക് പോകാൻ കാരണം.
#നിലവിലെ വില രൂപ നിരക്കിൽ
ഒരുപറ കുട്ട-250
രണ്ട്പറ കുട്ട-350
മൂന്ന്പറ കുട്ട-500
പനമ്പ്(6x4)- 700
മുറം-150-200
വലിയ കുട്ട-350
"ഓണക്കാലത്ത് വലിയ തിരക്കായിരുന്നു പണ്ട്. ഇന്ന് അതില്ല. തൊഴിലിനനുസരിച്ച് വേതനം ലഭിക്കാത്തതാണ് പ്രശ്നം. ലാഭത്തിന്റെ പിറകെ പോകുന്ന സ്ഥിതിയാണ് സമൂഹത്തിൽ ഉള്ളത്. ഓണക്കാലത്ത് വലിയ തരത്തിൽ മുറവും കുട്ടയും വിറ്റഴിക്കുന്ന കാലം ഉണ്ടായിരുന്നു. മാർക്കറ്റ് വിലയേക്കാൾ കൂടുതൽ തുക ലഭിക്കുമായിരുന്നു. ഇന്ന് അത് ഓർമ്മമാത്രം. ഈറ്റയുടെ കുറവും പുതുതലമുറയുടെ പിൻമാറ്റവും വിനയായി.
പി.രാഘവൻ, സെക്രട്ടറി സാമ്പുവ മഹാസഭ, തോട്ടപ്പള്ളി.