t

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതി പ്രകാരമുള്ള ജല വിതരണം ഇന്ന് പൂർണമായി പുനരാരംഭിക്കുമെന്ന് അധികൃതർ. ദിവസങ്ങളായി മുടങ്ങിക്കിടക്കുന്ന വിതരണം ഓണത്തിനു മുൻപെങ്കിലും തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൈപ്പ് ചോർച്ച സ്ഥിരം പ്രശ്നമായതിനാൽ ഏത് നിമിഷവും കുടിവെള്ളം വീണ്ടും നിലച്ചേക്കും എന്ന മുൻകരുതലിലാണ് ആലപ്പുഴ നഗരത്തിലെയും സമീപത്തെ എട്ട് പഞ്ചായത്തിലെയും ജനങ്ങൾ. കുടിവെള്ള പദ്ധതിയുടെ തകഴി ഭാഗത്തെ പൈപ്പിൽ രണ്ടിടത്തായിരുന്നു ചോർച്ച കണ്ടെത്തിയത്. ഒരു ഭാഗത്തെ തകരാർ പൂർണമായി പരിഹരിച്ചു. കേളമംഗലം ഭാഗത്തെ തകരാർ ഇന്ന് തന്നെ പരിഹരിച്ച് ജലവിതരണം പൂർവ്വ സ്ഥിതിയിലാരംഭിക്കാനാവുമെന്നാണ് കരുതുന്നത്.

പൈപ്പിലെ ചോർച്ച് പരിഹരിക്കുന്നതിന്റെ ഭാഗമായി 21, 22 തീയതികളിൽ ജല വിതരണം മുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതിനും ദിവസങ്ങൾക്ക് മുമ്പ് തന്നെ പമ്പിംഗ് നിലച്ചിരുന്നു. കഴിഞ്ഞ നാല് ദിവസമായി ശുദ്ധജലം ലഭിക്കാതെ വലയുകയാണ് ജനങ്ങൾ. വിവിധ പ്രദേശങ്ങളിൽ ടാങ്കറുകളിൽ ജലവിതരണം നടത്തിയെങ്കിലും, എല്ലാവരുടെയും ആവശ്യത്തിനുള്ള ജലം ലഭിച്ചിരുന്നില്ല. കുഴൽക്കിണർ ജലമാണ് പല വീടികളിലും ആശ്രയം. എന്നാൽ മാലിന്യം കലർന്നുവരുന്ന ജലത്തിന്റെ സ്ഥിര ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുമോ എന്നും ആശങ്കയുണ്ട്.

 വീണ്ടും പൊട്ടൽ

ശനിയാഴ്ച്ച വൈകിട്ടോടെ തകരാർ പരിഹരിക്കാമെന്നായിരുന്നു യുഡിസ്മാറ്റ് അധികൃതർ കരുതിയിരുന്നത്. എന്നാൽ റോഡ് പൊളിക്കാൻ അനുമതി ലഭിച്ചത് ശനിയാഴ്ച്ച ഉച്ചയോടെയാണ്. ഇതിനിടെ തകഴി ക്ഷേത്രം ജംഗ്ഷന് സമീപം മറ്റൊരു പൊട്ടൽ കൂടി ശ്രദ്ധയിൽപ്പെട്ടു. ഓണക്കാലത്ത് കുടിവെള്ളം മുടങ്ങാതിരിക്കാൻ രണ്ടിടത്തെയും തകരാറുകൾ പരിഹരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

...............................

തകഴി ഭാഗത്ത് രണ്ട് സ്ഥലത്താണ് പൊട്ടലുണ്ടായിരുന്നത്. അതിൽ ഒന്ന് പരിഹരിച്ചിട്ടുണ്ട്. അടുത്തത് ഇന്ന് തന്നെ പരിഹരിച്ച് ജല വിതരണം പഴയപടിയാക്കാനാവുമെന്നാണ് പ്രതീക്ഷ

ജല അതോറിട്ടി, അധികൃതർ