ആലപ്പുഴ: അടുത്ത തിങ്കൾ തിരുവോണം. ആഘോഷങ്ങളിലേക്ക് ആളിറങ്ങാത്ത മറ്റൊരു ഓണക്കാലം കൂടി. കഴിഞ്ഞ രണ്ടു വർഷങ്ങൾ പ്രളയം കവർന്നപ്പോൾ ഇക്കുറി കൊവിഡിൻറ്റെ നിയന്ത്രണങ്ങളിലാണ് നാട്.
കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴി പേരിനെങ്കിലും സാദ്ധ്യമാക്കണമെന്നാണ് ഭൂരിഭാഗം പേർക്കും ആഗ്രഹം. ഇന്ന് മുതൽ ഓണം ബോണസുൾപ്പടെ ലഭിച്ചു തുടങ്ങുന്നതോടെ, കച്ചവടം വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ആലപ്പുഴ നഗരസഭ ഓഫീസ് ഒരാഴ്ചത്തേക്ക് പൂർണമായി അടച്ചു. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. നഗരസഭ ഓഫീസ് അടച്ചതോടെ അഗതി, വിധവ പെൻഷൻ അടക്കമുള്ള ക്ഷേമ പെൻഷനുകൾ ഇനിയും കിട്ടാനുള്ളവർക്ക് ഓണത്തിന് മുമ്പ് ലഭിക്കാനുള്ള സാദ്ധ്യത മങ്ങി. നഗരത്തിൽ 15 ഓളം ജനപ്രതിനിധികൾ നിരീക്ഷണത്തിലായതിനാൽ ഇവരുമായ സമ്പർക്കമുള്ള വ്യക്തികളും കുടുംബങ്ങളും സ്വയം ക്വാറന്റൈനിലാണ്. ഓണമാഘോഷിക്കാൻ മറ്റിടങ്ങളിൽ നിന്ന് നാട്ടിലേക്കെത്തുന്ന മലയാളിയുടെ പതിവ് ശീലത്തിനും ഇത്തവണ ലോക്ക് വീണു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർ പരിശോധന നടത്തുകയും നിരീക്ഷണത്തിലിരിക്കുകയും വേണം. ഇക്കാരണത്താൽ മാത്രം ഓണാഘോഷം ഉപേക്ഷിച്ചവരുണ്ട്.
സമയം നീട്ടണം
വൈകിട്ട് നാലു മുതൽ ഏഴു വരെയാണ് വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാനും രോഗവ്യാപന സാദ്ധ്യത തടയാനും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാത്രി 10 വരെ നീട്ടണമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി ആവശ്യപ്പട്ടു. ഇത് സംബന്ധിച്ച് സർക്കാരിന് നിവേദനം സമർപ്പിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ളവർക്ക് പ്രദേശത്തിന് പുറത്ത് പോകാൻ സാധിക്കില്ല. അതത് പ്രദേശത്തെ കടകളിൽ നിയന്ത്രണങ്ങളോടെ കച്ചവടം നടത്താൻ ഓണക്കാലത്ത് അനുമതി നൽകണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
............................
വിഷുവും റംസാനും നൽകിയ നഷ്ടക്കച്ചവടം ഓണക്കാലത്ത് മറികടക്കാനുള്ള ശ്രമത്തിലാണ്. നിയന്ത്രണങ്ങളോടെ ഓണവ്യാപാരം നടത്താൻ ബുദ്ധിപരമായ തീരുമാനം നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം
രാജു അപ്സര, സംസ്ഥാന ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി
............................
കഴിഞ്ഞ 50 വർഷമായി യംഗ് മെൻ റിക്രിയേഷൻ ക്ലബ്ബിനു കീഴിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ഇത്തവണയും മുടങ്ങരുതെന്നാണ് ആഗ്രഹം. മത്സരങ്ങൾ എല്ലാം ഓൺലൈനിലാണ്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ മത്സരങ്ങൾ ആരംഭിക്കും
കെ.ജെ.പ്രീത്, സെക്രട്ടറി യുവജന വായനശാല, കൊമ്മാടി
.................................
പോയ വർഷങ്ങളിലെ അവിട്ടം, ചതയം ദിനങ്ങൾ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു. തമിഴ്നാട്, ഹൈദരാബാദ്, മുംബയ് എന്നിവിടങ്ങളിൽ നിന്ന് കുടുംബസമേതമാണ് സഞ്ചാരികൾ ഓണം കൂടാൻ എത്തിയിരുന്നത്. വള്ളംകളിയും, ഓണക്കാലവും ഒത്തുചേർന്നിരുന്ന മികച്ച സീസൺ ഇത്തവണ നഷ്ടമായി
രാഹുൽ രമേഷ്, റോയൽ റിവർ ക്രൂയിസ്, ഹൗസ് ബോട്ട് വ്യവസായി
.............................
ഓൺലൈൻ പൂക്കളം
ഓണപ്പരീക്ഷ കഴിഞ്ഞാൽ പിന്നെ നാട്ടിലെ ക്ലബ്ബുകളിൽ ആഘോഷത്തിന് കൊടിയേറുന്ന പതിവ് ഇക്കുറി ഉണ്ടായില്ല. ആഘോഷങ്ങൾ ഓൺലൈനിൽ സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് പ്രമുഖ ക്ലബ്ബുകളെല്ലാം. വീട്ടുമുറ്റത്തെ പൂക്കളം വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തും, പാട്ട്- നൃത്ത മത്സരങ്ങൾ ഫേസ് ബുക്ക് ലൈവിൽ അവതരിപ്പിച്ചും പുത്തൻ ഓണമാണ് ഇത്തവണ ആഘോഷിക്കുന്നത്. ഓണസദ്യ ഉണ്ടാവില്ല. പകരം അവരവരുടെ വീട്ടിലിരുന്ന് മത്സരങ്ങളിൽ പങ്കെടുക്കാം. സമ്മാനം സംഘാടകർ വീടുകളിലെത്തിക്കും.
നങ്കൂരമുറച്ച് ഹൗസ്ബോട്ടുകൾ
കേരളത്തിന്റെ ഓണം ആഘോഷിക്കാൻ ഉത്തരേന്ത്യക്കാർ പതിവായി എത്താറുള്ള സമയമാണിത്. സദ്യ ഉൾപ്പടെ മുൻകൂട്ടി ബുക്ക് ചെയ്ത് ഹൗസ് ബോട്ട് യാത്രയ്ക്ക് ധാരാളം പേരെത്തിയിരുന്നു. അത്തം മുതൽ ഹൗസ് ബോട്ടിലെ ഭക്ഷണ മെനു സദ്യയാണ്. സഞ്ചാരികളെ ആകർഷിക്കാൻ പൂക്കളം മുതൽ തിരുവാതിരയും കഥകളിയും വരെ ബോട്ടിൽ അരങ്ങേറിയിരുന്നു. ഈ വർഷം മാർച്ചിൽ നങ്കൂരമിട്ട ബോട്ടുകൾ കിടന്ന സ്ഥലത്ത് നിന്ന് ചലിച്ചിട്ടില്ല
..............................