ഹരിപ്പാട്: കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സ്കൂട്ടർ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ സന്തോഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോബിൾ പെരുമാൾ, മിനി കൃഷ്ണകുമാർ, അംഗങ്ങളായ ശ്രീകല, ഒ.എം.ഷെരീഫ്, ബി.ഡി.ഒ എസ്.ദിപു, ശിശു വികസന ഓഫീസർ ഷീജ എന്നിവർ പങ്കെടുത്തു.