t

പൂച്ചാക്കൽ: കായലോരങ്ങളിലും പുഴവക്കുകളിലും ശിരസുയർത്തി നിന്നിരുന്ന ചീനവലകൾ ഓർമ്മകളിലേക്ക്. പുതു തലമുറയ്ക്ക് ചരിത്രം പകർന്നു കൊടുക്കും മുമ്പുതന്നെ ഇവയൊക്കെ ഇല്ലാതായിത്തീരുമെന്നാണ് ആശങ്ക.

നൂറ്റാണ്ടുകൾക്ക് മുമ്പ് ചൈനയിൽ നിന്നെത്തിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുണ്ടാക്കിയതുകൊണ്ടാണ് ചീനവല എന്ന പേരു വന്നത്. മരക്കമ്പു കൊണ്ടു നിർമ്മിക്കുന്നത് കൊണ്ട് കമ്പവല എന്നും വിളിപ്പേരുണ്ട്. ജാതി മത ഭേദമില്ലാതെ കായലോരങ്ങളിൽ താമസിക്കുന്നവർ ചീനവലകൾ സ്ഥാപിക്കാറുണ്ട്. ചീനവലകളുടെ എണ്ണം നോക്കി കുടംബ മഹിമയും പ്രൗഢിയും നിശ്ചയിച്ചിരുന്ന കാലമുണ്ടായിരുന്നു. കായൽ മലിനീകരണവും, കയ്യേറ്റവും മൂലം ചീനവലകളുടെ സമീപം എക്കൽ അടിഞ്ഞതോടെ മത്സ്യ ബന്ധനം തടസപ്പെട്ടു. തൊഴിലാളികൾ പ്രതിസന്ധിയിലായി. അദ്ധ്വാനത്തിനൊത്ത വരുമാനം കിട്ടാതായതേോടെ പാരമ്പര്യമായി ചീനവലകൾ ഉപയോഗിച്ചിരുന്നവർ ഒഴിവാക്കുകയായിരുന്നു. രണ്ടു പേരുടെ അദ്ധ്വാനമാണ് ഓരോ ചീനവലയ്ക്കും വേണ്ടത്. വേലിയിറക്കമാണ് തക്ക സമയം. സന്ധ്യ മുതലോ രാവേറിയോയാ ആണ് തക്കം കിട്ടുന്നത്. ഏകാദശി മുതൽ പഞ്ചമി വരെയുള്ള ദിവസങ്ങളിലാണ് കൂടുതൽ മത്സ്യങ്ങൾ കിട്ടിയിരുന്നതെന്ന് പഴമക്കാർ പറയുന്നു.

ചെങ്ങണ്ട മുതൽ പൂച്ചാക്കൽ ജെട്ടി വരെയുള്ള വേമ്പനാട് തീരത്ത് 88 ചീനവലയുണ്ടായിരുന്നിടത്ത് നിലവിൽ 9 ആയി. തൈക്കാട്ടുശേരി മുതൽ അരൂർമുക്കം വരെയുള്ള കൈതപ്പുഴ കായലിൽ മാത്രം 117 എണ്ണമുണ്ടായിരുന്നത് 14 ആയി. ഉപയോഗിക്കാത്ത ചീനവലയുടേയും കരം അടയ്ക്കുന്നതിനാൽ ഔദ്യോഗിക കണക്കിൽ വ്യത്യാസമുണ്ട്.

കായൽ തീരങ്ങളിലെ അടിയൊഴുക്കിൻറ്റെ ഘടനയുമായി ബന്ധപ്പെടുത്തിയാണ് ചീനവല സ്ഥാപിക്കുന്നത്. കായലിൽ ഉറപ്പിക്കുന്ന തെങ്ങിൻ കുറ്റികളാണ് അടിത്തറ. പതിനാറര അടി നീളമുള്ള കരക്കുന്ത്, പന്ത്രണ്ടര അടിയുള്ള പുറക്കുന്ത്, പതിനാല് സ്ക്വയർ മീറ്റർ നീളമുള്ള കമ്പവല, പ്ലാസ്, പതിനഞ്ച് കിലോഗ്രാം തൂക്കമുള്ള നാല് കല്ലുകൾ, ബൂർസ്, റാന്തൽവിളക്ക്,കയർ തുടങ്ങിയവയാണ് ചീനവലയുടെ നിർമ്മാണ സാമഗ്രികൾ. വിദഗ്ദ്ധരായ തൊഴിലാളികളാണ് ഇത് സ്ഥാപിക്കുന്നത്. തേക്കും, പുന്നമരവുമാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. 50,000 രൂപ നിർമ്മാണ ചെലവ് വരും.എന്നാൽ മരത്തിന് പകരം ഇരുമ്പ് പൈപ്പ് ഉപയോഗിച്ചാൽ ചെലവ് 80,000 കവിയും. 300 രൂപയാണ് കരം. റാന്തൽ തെളിക്കാൻ പ്രതിമാസം 15 ലിറ്റർ മണ്ണെണ്ണ സബ്സിഡി നിരക്കിൽ അനുവദിക്കും.

 പുതിയതില്ല

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പുതിയ ചീനവലകൾ ഒന്നും സ്ഥാപിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികൾ കൂടുതലും ഊന്നി വലകളും നീട്ടു വലകളുമാണ് ഉപയോഗിക്കുന്നത്. പീലിംഗ് ഷെഡുകളിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലമാണ് കായൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.കായൽ കയ്യേറ്റം ഏറി വരുന്നതിനാൽ ചീനവലയിലേക്കുള്ള നീരൊഴുക്ക് ഉണ്ടാകാത്തതാണ് മത്സ്യലഭ്യത കുറയാൻ കാരണം.

.............................

പാരമ്പര്യമായി ചെയ്തുവരുന്ന തൊഴിലാണ്. മുമ്പ് നാല് ചീനവലകൾ സ്വന്തമായി ഉണ്ടായിരുന്നു. ഇപ്പോൾ ഒരെണ്ണമെയുള്ളു. വരുമാനം കുറവായതുകൊണ്ട് പുതിയ തലമുറ ഈ മേഖലയിലേക്ക് വരുന്നില്ല. ശിവദാസൻ, തെക്കേ കണിയാംപറമ്പ്, മാക്കേകടവ് (ചീനവല ഉടമ)

...................................

ചീനവല പാരമ്പര്യത്തിൻറ്റെ ഭാഗമാണ്. അത് നിലനിറുത്താൻ നടപടി ഉണ്ടാവണം

പി.എസ്. അരവിന്ദാക്ഷൻ, കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ് തൈക്കാട്ടുശേരി മണ്ഡലം പ്രസിഡൻറ്റ്