ആലപ്പുഴ: കൊവിഡിനത്തുടർന്ന് സവാരി നിലച്ച ആഡംബര ഹൗസ് ബോട്ടിലെ നീന്തൽക്കുളത്തിൽ മീൻകൃഷി തുടങ്ങി
ഫാം ടൂറിസത്തിന്റ സാദ്ധ്യത പ്രയോജനപ്പെടുത്തുകയാണ് ആലപ്പുഴയിലെ പ്രമുഖ ഹൗസ് ബോട്ട് വ്യവസായികളായ പുലിക്കാട്ടിൽ കമ്പനി.
രണ്ടാം നിലയിലെ കുളത്തിൽ തിലോപ്പിയ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിട്ടുള്ളത്. ആറായിരം ലിറ്റർ സംഭരണശേഷിയുള്ള നീന്തൽക്കുളത്തിൽ 350 മീനുകൾ വളരുന്നു. രണ്ടു മാസം കഴിയുമ്പോൾ വിളവെടുപ്പിന് പാകമാകും.
സവാരിക്ക് വീണ്ടും അനുമതിയാവുമ്പോൾ, സഞ്ചാരികൾക്ക് കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ബോട്ടിലെ കുളത്തിൽ ചൂണ്ടയിടാം. പിടിക്കുന്ന മീൻ അപ്പോൾ തന്നെ പാകം ചെയ്ത് നൽകും. ഹൗസ് ബോട്ട് യാത്രയ്ക്കെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും കുട്ടനാടൻ മത്സ്യ വിഭവങ്ങൾ ആവശ്യപ്പെടാറുണ്ട്. പുലിക്കാട്ടിൽ കമ്പനിക്ക് 12 ബോട്ടുണ്ട്. വിജയകരമായാൽ ഇവയിലേക്കും മത്സ്യകൃഷി വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം.
ഓട്ടം മുടങ്ങിയെങ്കിലും ജീവനർക്ക് ജോലി നഷ്ടമുണ്ടായില്ല. മത്സ്യകൃഷിയിൽ സഹായികളാണവർ. ബയോഫ്ലോക്ക് രീതിയിലെ കൃഷി ആയതിനാൽ വെള്ളത്തിലെ ബാക്ടീരിയയുടെ അളവ് പരിശോധിക്കുന്നതും, കായൽ ജലം ക്ലോറിനേറ്ര് ചെയ്ത് കുളത്തിലെത്തിക്കുന്നതുമെല്ലാം അവരാണ്.
കുറഞ്ഞ ചെലവിൽ പരിഷ്കാരം
ബയോഫ്ലോക്ക് ശൈലിയിലെ കൃഷിക്ക് ആവശ്യമുള്ള ഓവൽ ആകൃതിയിലായിരുന്നു ബോട്ടിലെ നീന്തൽക്കുളം. മോട്ടോർ സ്ഥാപിച്ചതിനും ഓക്‌സിജൻ നൽകുന്നതിനുള്ള ഏയറേറ്റർ പമ്പ്, കായൽ ജലം ക്ലോറിനേഷൻ ചെയ്യാനുള്ള സംവിധാനം എന്നിവ സ്ഥാപിച്ചതിനുമുള്ള ചെലവ് മാത്രമാണ് വേണ്ടിവന്നത്.
പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പ്രതിസന്ധിഘട്ടത്തിലും മത്സ്യകൃഷിക്ക് തുടക്കമിട്ടത്. ഭാവിയിൽ സഞ്ചാരികൾക്ക് ബോട്ടിനുള്ളിൽ തന്നെ മത്സ്യം ചൂണ്ടയിട്ട് പിടിക്കാവുന്ന തരത്തിൽ ഫാം ടൂറിസത്തിന്റെ സാദ്ധ്യതകൾ പരിശോധിക്കുന്നുണ്ട്.
-ടോബു പുലിക്കാട്ടിൽ, മാനേജിംഗ് ഡയറക്ടർ, പുലിക്കാട്ടിൽ ഹൗസ് ബോട്ട്സ്
പുലിക്കാട്ടിൽ കുടുംബത്തിലെ ഇളമുറക്കാരനായ ടോബു പുലിക്കാട്ടിലാണ് ഇരുനില ബോട്ടിലെ സ്വിമ്മിംഗ് പൂൾ മത്സ്യകൃഷിക്കായി മാറ്റിയത്.