ചേർത്തല:ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ പോളിടെക്‌നിക് കോളേജിൽ ആരംഭിച്ച ഫസ്​റ്റ്‌ലൈൻ ട്രീ​റ്റ്‌മെന്റ് സെന്ററിലെ ഭക്ഷണം ഗുണനിലവാരമില്ലാത്തതെന്നാരോപിച്ച് പ്രതിഷേധം. ശനിയാഴ്ച രാത്രിയും ഇന്നലെ രാവിലെയും ഒരു വിഭാഗം കൂട്ടമായി ഭക്ഷണം മാലിന്യക്കുട്ടയിൽ തളളി.

ഉച്ചഭക്ഷണത്തിലും പരാതിയുണ്ട്.

രാവിലെ നൽകുന്ന ഭക്ഷണത്തിന്റെ ബാക്കിയാണ് രാത്രിയിൽ വിതരണം ചെയ്യുന്നതെന്നാണ് രോഗികളുടെ പരാതി.ഇന്നലെ രാവിലെ ഇഡ്ലിക്കൊപ്പം നൽകിയ ചമ്മന്തി മോശമായിരുന്നു, തുടർച്ചയായി പരാതിപ്പെട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണുന്നില്ലെന്നും ആക്ഷേപമുണ്ട്.

നൂറുകിടക്കകൾക്ക് മേലുള്ള ട്രീ​റ്റ്‌മെന്റ് സെന്ററിൽ രോഗികളുടെ പരിചരണത്തിന് സർക്കാർ നഗരസഭകൾക്ക് 40 ലക്ഷം രൂപയാണ് നൽകുന്നത്.കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യണമെന്നാണ് സർക്കാർ നിർദ്ദേശം.എന്നാൽ ചേർത്തല നഗരസഭയിൽ കുടുംബശ്രീ ഭക്ഷണ വിതരണത്തിന് തയ്യാറാകാത്തതിനെ തുടർന്ന് സ്വകാര്യ കാറ്ററിംഗ് സെന്ററിന് അനുമതി നൽകുകയായിരുന്നു.
120 കിടക്കകളുള്ള പോളിടെക്നിക്കിൽ തയ്യാറാക്കിയിട്ടുള്ള ട്രീ​റ്റ്‌മെന്റ് സെന്ററിൽ നിലവിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 117 പേരാണുള്ളത്.കഴിഞ്ഞദിവസം രോഗികളുടെ മുറിയിൽ മൂർഖൻപാമ്പിനെ കണ്ടിരുന്നു.രോഗികളും വോളണ്ടിയർമാരും ചേർന്നാണ് ഇതിനെ പിടികൂടിയത്. ഭക്ഷണ വിതരണത്തിൽ പരാതികളുയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതർ ഇടപെടൽ തുടങ്ങി. കഴിഞ്ഞ 15ന് രാത്രിയാണ് ഇവിടെ കൊവിഡ് പോസീറ്റീവായ രോഗികളെ പ്രവേശിച്ച് തുടങ്ങിയത്. രണ്ട് ഡോക്ടർമാരും 7 നഴ്സുമാരും,നാല് ക്ലീനിംഗ് ജീവനക്കാരുമുൾപ്പെടെ 14 പേരാണ് പരിചരണത്തിനായുള്ളത്.10 ദിവസം ഇവർ ഡ്യൂട്ടിയിൽ തുടരും.നഗരസഭയുടെ നേതൃത്വത്തിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലും 130 കിടക്കകളുള്ള ഫസ്​റ്റ്‌ലൈൻ ട്രീ​റ്റ്‌മെന്റ് സജ്ജമാണ്.