ചേർത്തല:കൊവിഡ് ബാധിതരുടെ വീടിന് നേരെ ആക്രമണം നടത്തിയ രണ്ട് പേർ പിടിയിൽ.വയലാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ കടവിൽ കോവിലകത്ത് അനീഷ് (35),ഞാറക്കാട്ട് രജീഷ് (31) എന്നിവരെയാണ് ചേർത്തല സി.ഐ പി. ശ്രീകുമാർ,എസ്.ഐ എം.ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്.വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ബൈക്കിലെത്തിയ ഇരുവരും ചേർന്ന് വീടിന് നേരെ കല്ലെറിയുകയായിരുന്നു.ജനൽ ചില്ലുകളടക്കം തകർന്നു.സമീപത്തെ വീട്ടിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഗതാഗത തിരക്കില്ലാത്ത റോഡിൽ അക്രമം നടന്ന സമയത്ത് മൂന്ന് വാഹനങ്ങൾ കടന്നുപോയ ദൃശ്യങ്ങളാണ് ലഭിച്ചത്. തുടർന്ന് പ്രദേശവാസികളായ 200 ഓളം പേരെ പൊലീസ് ചോദ്യം ചെയ്യുകയും നിരവധി പേരുടെ ഫോൺ കോളുകൾ പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് സമീപവാസികളായ പ്രതികളിലേക്ക് അന്വേഷണം എത്തിയത്. കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇരുവരും കു​റ്റം സമ്മതിച്ചു.പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

രോഗം പരത്തുന്നെന്ന വിരോധത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായും അനീഷാണ് കല്ലെറിഞ്ഞതെന്നും രജീഷാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.ഇവർ സി.പി.എം പ്രദേശിക പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ആക്രമം നടന്ന വീട്ടിലെ അഞ്ച് പേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശ പ്രകാരം വീട്ടമ്മ ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് കാത്ത് നിൽക്കുമ്പോഴാണ് അക്രമമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മകൻ വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.