ആലപ്പുഴ : കൊവിഡ് ബാധിതരുടെ എണ്ണത്തിൽ അനുദിനമുണ്ടാകുന്ന വർദ്ധനവ് ജില്ലയിൽ ആെങ്ക വർദ്ധിപ്പിക്കുന്നു. ഇന്നലെ മാത്രം മൂന്ന് പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ആലപ്പുഴ നഗരസഭയിലെ ഹൗസിംഗ് കോളനി വാർഡിൽ ദാറുൽ റഹ്മാൻ മൻസിലിൽ ഫമീന (40), പുന്നപ്ര വടക്ക് പുത്തൻവെളിയിൽ രാജൻ(67), ചേർത്തല നഗരസഭ എട്ടാം വാർഡിൽ തകിടി വെളിയിൽ ലീല (77) എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 15 ആയി.
പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം മിക്ക ദിവസങ്ങളിലും 200ന് മുകളിലാണ്. നിലവിൽ രണ്ടായിരത്തിലധികം പേരാണ് ചികിത്സയിലുള്ളത്. മുൻനിര പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്ന ആരോഗ്യപ്രവർത്തകർക്കും ജനപ്രതിനിധികൾക്കും രോഗം ബാധിച്ചത് സ്ഥിതി ഗൗരവതകരമാക്കുന്നു. തീരദേശമേഖലയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. ചേർത്തലയും, തുമ്പോളിയും, പുന്നപ്രയുമടക്കം ആശങ്കയായി നിലകൊള്ളുന്നു.
വൈറസ് വ്യാപനം വർദ്ധിക്കുമ്പോഴും പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വലിയൊരു വിഭാഗം ജനങ്ങൾ വീഴ്ച വരുത്തുന്നു.മാസ്ക്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കണ്ടെയിൻമെന്റ് സോണിലെ നിയമലംഘനത്തിനും ദിവസേന രണ്ടായിരത്തിലധികം പേർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ ജനപ്രതിനിധിക്കൊപ്പം വേദി പങ്കിട്ട നേതാക്കളുൾപ്പടെ പലരും നിരീക്ഷണത്തിൽ പ്രവേശിക്കാതെ, പൊതുപരിപാടികളിലടക്കം പങ്കെടുക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ആലപ്പുഴ നഗരസഭയിലെ കൊവിഡ് വ്യാപനം എത്രത്തോളമുണ്ടെന്നത് കൗൺസിലർമാർക്കും , ജിവനക്കാർക്കുമുള്ള ആന്റിജൻ ടെസ്റ്റ് പൂർത്തിയായ ശേഷമേ വ്യക്തമാകൂ. രോഗം ബാധിച്ചവരുമായി സമ്പർക്കമുള്ളവർ ക്വാറന്റൈൻ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലാണ്.
ഭീഷണി
ഓണ വിപണിയിൽ ആൾത്തിരക്കേറുന്നു
സാമൂഹിക അകലം പാലിക്കാത്ത കേസുകൾ വർദ്ധിക്കുന്നു
മാസ്ക്ക് ധരിക്കാത്തതിന് പിടിയിലാകുന്നത് ദിവസേന 500ലധികം പേർ
സമ്പർക്കമുള്ള ചിലർ നിരീക്ഷണത്തിന് തയാറാകുന്നില്ല
............................
ജില്ലയിൽ ഇന്നലെ കൊവിഡ് മരണം: 3
ആകെ: 15
................
ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും
- പി.എസ്.സാബു, ജില്ലാ പൊലീസ് മേധാവി